കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. ഇടയ്ക്കിടയ്ക്ക് പേടിച്ച് പനി വരുന്നയാളാണ് മുഖ്യമന്ത്രി. മന്ദബുദ്ധികള്‍ ചിലരും മുഖ്യമന്ത്രിയുടെ ഉപദേശകരായി കൂടിയിട്ടുണ്ട്. അവരുടെ ഉപദേശം കേട്ടാല്‍ കേരളം തകരുമെന്നും പി.രാജു പറഞ്ഞു. കഴിഞ്ഞ ദിവസം പണിമുടക്കിയ കെസ്ആർടിസി ജീവനക്കാരെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് എഐടിയുസി നടത്തുന്ന രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു പി.രാജു.

കഴിഞ്ഞ ദിവസമാണ് പണിമുടക്കിയ 137 ജീവനക്കാരെ കെഎസ്ആർടിസി മാനേജ്മെന്റ് സ്ഥലം മാറ്റിയത്. എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂണിയനിൽ ഉൾപ്പെട്ട അംഗങ്ങളെയാണ് സ്ഥലം മാറ്റിയത്. കരുനാഗപ്പള്ളിയിലുള്ളവരെ കാസര്‍കോട്, പെരിന്തല്‍മണ്ണ, പൊന്നാനി, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കും എറണാകുളത്തു നിന്നുള്ളവരെ തിരുവനന്തപുരത്തേക്കും കൊട്ടാരക്കരയിലേക്കും സ്ഥലം മാറ്റി. തിരുവനന്തപുരം സിറ്റിയില്‍ നിന്നുള്ളവരെ തൃശ്ശൂര്‍,ചാലക്കുടി,കൊടുങ്ങല്ലൂര്‍ ഡിപ്പോകളിലേക്കും സ്ഥലം മാറ്റി. കരുനാഗപ്പിള്ളി വെഹിക്കള്‍ സൂപ്പര്‍വൈസറെയും സ്ഥലം മാറ്റിയിട്ടുണ്ട്.

കെഎസ്ആര്‍ടിസിയിലെ സിപിഐയുടെ യൂണിയനായ കെഎസ് ടി ഇയും ബിഎംഎസ്സുമാണ് പണിമുടക്ക് നടത്തിയത്. സിഐടിയുവും കോണ്‍ഗ്രസ്സ് സംഘടനയും സമരത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. 15 ദിവസം മുമ്പ് നിയമപ്രകാരം നോട്ടീസ് നല്‍കിയാണ് പണിമുടക്ക് എന്നാണ് സംഘടനകള്‍ പറയുന്നത്. അതിനാല്‍ തന്നെ പ്രതികാര നടപടിക്ക് മാനേജ്‌മെന്റിന് അവകാശമില്ലെന്ന് ജീവനക്കാരുടെ സംഘടന പറയുന്നു. എന്നാല്‍ നോട്ടീസ് നല്‍കിയതു കൊണ്ടു മാത്രം അത് പണിമുടക്കാനുള്ള അവകാശമാവില്ലെന്നും പണിമുടക്ക് മൂലം കോര്‍പ്പറേഷനും ജനങ്ങള്‍ക്കും വലിയ നഷ്ടം സംഭവിച്ചുവെന്നുമാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ന്യായീകരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.