/indian-express-malayalam/media/media_files/QSdssi87zsGbfrAW3oDj.jpg)
വാഴൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇനി ജ്വലിക്കുന്ന വിപ്ലവ സ്മരണ. സംസ്ഥാന സർക്കാരിന്റെ പൂർണ ഔദ്യോഗിക ബഹുമതികളോടെ കാനം രാജേന്ദ്രന് രാഷ്ട്രീയ കേരളം വിടചൊല്ലി. രാവിലെ 11 മണിക്ക് കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. മകൻ സന്ദീപാണ് ചിതയ്ക്ക് തീകൊളുത്തിയത്.
മുഖ്യമന്ത്രിയും ഇടത് സർക്കാരിലെ മന്ത്രിമാരും വസതിയിലെത്തി അന്തിമോപചാരങ്ങൾ അർപ്പിച്ചു. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. ആയിരക്കണക്കിന് ആളുകളാണ് പ്രിയപ്പെട്ട സഖാവിന് അന്ത്യാജ്ഞലികൾ അർപ്പിക്കാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഇന്നും വൻ ജനാവലിയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ കാനത്തിന്റെ വസതിയിലെത്തിയത്.
ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് വിലാപയാത്രയായി കൊണ്ട് പോയ മൃതദേഹം ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമാണ് വീട്ടിലേക്ക് കൊണ്ടു പോയിട്ടുള്ളത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നു ഡിസംബർ എട്ടിനായിരുന്നു അന്ത്യം. കടുത്ത പ്രമേഹബാധയെ തുടർന്ന് കാൽപ്പാദം മുറിച്ചുമാറ്റിയ ശേഷം കൊച്ചി അമൃത ആശുപത്രിയിൽ കാനം ചികിത്സയിലായിരുന്നു. എട്ടിന്ഉച്ചയോടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. വൈകിട്ട് 5.30നായിരുന്നു അപ്രതീക്ഷിതമായി അന്ത്യം സംഭവിച്ചത്.
ജനകീയനും സൗമ്യനുമായ കാനം
ഏറെ ജനകീയനും സൌമ്യ സ്വഭാവത്തിന് ഉടമയുമായ അദ്ദേഹം, മൂന്ന് തവണ തുടർച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിലെ വാഴൂർ നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2015ലാണ് അദ്ദേഹം ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്നുള്ള രണ്ട് ടേമുകളിലും അദ്ദേഹം തന്നെ പദവിയിൽ തുടരുകയായിരുന്നു.
1950 നവംബർ 10ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലായിരുന്നു രാജേന്ദ്രന്‍റെ ജനനം. യുവജന പ്രസ്ഥാനമായ എഐവൈഎഫിലൂടെയാണ് രാഷ്ട്രീയത്തിൽ അരങ്ങേറിയത്. 23ാം വയസ്സിൽ എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി. 28ാം വയസ്സിൽ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എ ബി ബർദനൊപ്പം യുവജന സംഘടനാ രംഗത്ത് ദേശീയതലത്തിലും കാനം പ്രവർത്തിച്ചു.
1982ലും 1987ലും വാഴൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. പിന്നീട് രണ്ട് തവണ വാഴൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതോടെ പൂർണമായും സംഘടനാ രംഗത്തേക്ക് മാറിയ കാനം 2015ൽ സിപിഐ സംസ്ഥാന സെക്രട്ടറിയായി. വനജയാണ് ഭാര്യ. സ്മിത, സന്ദീപ് എന്നിവർ മക്കളാണ്.
Read Here: കലഹിച്ചും കൈ കൊടുത്തും ശ്രദ്ധേയനായ കാനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us