തിരുവനന്തപുരം: സർക്കാർ വിവാദങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി പലപ്പോഴും മാറുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇന്നലെ സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാരെ സ്ഥലം മാറ്റിയ നടപടിക്ക് സർക്കാർ കൂട്ട് നിൽക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ സ്ഥലം മാറ്റിയ നടപടി തിരുത്താൻ മാനേജ്മെന്ര് തയ്യാറാകണമെന്നും ജീവനക്കാരുടെ പരാതികൾ സർക്കാർ കേൾക്കണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഇതിനിടെ മധ്യമപ്രവർത്തകർക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രോഷപ്രകടനത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്നലെ രംഗത്ത് വന്നിരുന്നു. കടക്ക് പുറത്തെന്ന് മുഖ്യമന്ത്രി പറയരുതായിരുന്നുവെന്ന് കാനം പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയെ വിളിച്ചു വരുത്താൻ ഗവർണർക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ വിളിച്ചയുടൻ മുഖ്യമന്ത്രി പോയത് ശരിയായില്ല. ഗവർണർ കേന്ദ്ര സർക്കാരിന്‍റെ ഏജന്‍റ് മാത്രമാണെന്നും ഇപ്പോൾ ഫെഡറൽ സംവിധാനത്തിന് എന്ത് വിലയെന്നും അദ്ദേഹം ചോദിച്ചു. ജിഎസ്ടിയും ഫെഡറൽ സംവിധാനത്തിന് എതിരാണെന്നും ഒരു വർഷം കാത്തിരിക്കണം ജിഎസ്ടിയുടെ ഫലങ്ങൾ അറിയാനെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ