ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍ സഭ നേതാക്കള്‍ക്ക് ജാമ്യം നിന്നതും സിപിഐ നേതാവ് തന്നെ. സിപിഐയുടെ മുന്‍ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയും കാനം പക്ഷക്കാരനുമായ കെ എഫ് ലാല്‍ജിയാണ് പ്രതികള്‍ക്ക് ജാമ്യം നിന്നത്.

നിലവില്‍ അമ്പലപ്പുഴ മണ്ഡലം സെക്രട്ടേറിയറ്റ് അംഗമാണ് കെ എഫ് ലാല്‍ജി.പ്രതികള്‍ക്ക് കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയതും കെ എഫ് ലാല്‍ജിയാണ്. വിഷയം പാര്‍ട്ടി പ്രത്യേകം അന്വേഷിക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ്, കിസാന്‍സഭ നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ ജയനാണ് ഇക്കാര്യം അറിയിച്ചത്. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.

എഐവൈഎഫ് നേതാക്കളാണ് പോസ്റ്ററൊട്ടിച്ചതെന്ന് കണ്ടെത്തിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് എഐവൈഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ മതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ ഒട്ടിക്കാനെത്തിയ സംഘം സഞ്ചരിച്ച കാര്‍ നോര്‍ത്ത് പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook