തിരുവനന്തപുരം: മുതിർന്ന സിപിഐ നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായിരുന്ന ഇ.ചന്ദ്രശേഖരൻ നായർ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു ഇദ്ദേഹം. അസുഖം കൂടുതലായതോടെ ഇദ്ദേഹത്തെ രാവിലെ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേരളം കണ്ട മികച്ച ഭക്ഷ്യമന്ത്രി എന്ന പേരുകേട്ട വ്യക്തിയായിരുന്നു ഇ.ചന്ദ്രശേഖരൻ നായർ. ഐക്യകേരളത്തിലെ ആദ്യ നിയമസഭയിലെ അംഗമായിരുന്നു അദ്ദേഹം.

ശ്രീമൂലം അസംബ്ലിയിലും ശ്രീ ചിത്രാ സ്‌റ്റേറ്റ് അസംബ്ലിയിലും തിരു-കൊച്ചി നിയമസഭയിലും അംഗമായിരുന്ന തിരുവിതാംകൂറിലെ പ്രമുഖ അഭിഭാഷകനായിരുന്ന, കൊല്ലം എഴുകോണ്‍, ഇടയിലഴികത്ത് ഈശ്വരപിള്ളയുടെയും ഇരുമ്പനങ്ങാട്, മുട്ടത്തുവയലില്‍ മീനാക്ഷിയമ്മയുടെയും മകനായി 1928 ഡിസംബര്‍ 2 ന് കൊല്ലം, ഇരുമ്പനങ്ങാട് മുട്ടത്തുവയലില്‍ ജനിച്ചു. കൊട്ടാരക്കര സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍, സര്‍ക്കാര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം, കൊട്ടാരക്കര തൃക്കണ്ണമംഗല്‍ സംസ്‌കൃത ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോദവര്‍മ്മ തിരുമുല്‍പ്പാടിന്റെ കീഴില്‍ സംസ്‌കൃത പഠനം. കൊട്ടാരക്കര സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്നും ഇ.എസ്.എല്‍.സി. പാസ്സായശേഷം ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് പാസ്സായി. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്നും ഗണിതശാസ്ത്രത്തില്‍ ബിരുദം. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും നിയമബിരുദം.

അണ്ണാമല സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷം, പിതാവ് സ്ഥാപിച്ച കൊട്ടാരക്കരയിലെ ഹൈസ്‌കൂളില്‍ ഹെഡ്മാസ്റ്ററായും കണക്ക് അധ്യാപകനായും പ്രവര്‍ത്തിച്ചു. ബിടി യോഗ്യത ഇല്ലാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷം ഹെഡ് മാസ്റ്റര്‍ പദവിയ്ക്ക് അംഗീകാരം ലഭിച്ചില്ല. നിയമപഠനത്തിന് ശേഷവും സ്‌കൂളില്‍ ഗണിതാധ്യാപകനായി സേവനം അനുഷ്ഠിച്ചു.

അണ്ണാമല സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ വിദ്യാര്‍ത്ഥി കോൺഗ്രസ്സിലൂടെ 1948 ല്‍ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും തുടര്‍ന്ന് 1952 ല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. സി.പി.ഐ. കൊട്ടാരക്കര ടൗണ്‍ സെല്‍ സെക്രട്ടറി, കൊട്ടാരക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, താലൂക്ക് സെക്രട്ടറി, സംസ്ഥാന കൗണ്‍സില്‍ അംഗം, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

1957ലും 1967ലും കൊട്ടാരക്കരയില്‍ നിന്നും 1977ലും 1980ലും ചടയമംഗലത്തു നിന്നും 1987ല്‍ പത്തനാപുരത്ത് നിന്നും 1996ല്‍ കരുനാഗപ്പള്ളിയില്‍ നിന്നുമടക്കം 19 വര്‍ഷം നിയമസഭാംഗമായിരുന്നു. മുഖ്യമന്ത്രി സി.അച്യുതമോനോന് നിയമസഭാംഗമാകുന്നതിന് 1970 ഫ്രെബ്രുവരി ഒന്നിന് കൊട്ടാരക്കരയില്‍ നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചു.

1957ല്‍ ഒന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റെ സെലക്ട് കമ്മിറ്റി അംഗമായിരുന്നു. 1967ല്‍ മൂന്നാം കേരള നിയമസഭയില്‍ ഭൂപരിഷ്‌കരണ ബില്ലിന്റേയും സര്‍വ്വകലാശാല ബില്ലിന്റേയും സെലക്ട് കമ്മിറ്റി അംഗമായിരുന്നു. സി.എച്ച്. മുഹമ്മദ് കോയയുടെ അഭാവത്തില്‍ സര്‍വ്വകലാശാല ബില്ലിന്റെ സെലക്ട് കമ്മിറ്റി യോഗങ്ങളുടെ അധ്യക്ഷന്‍ ഇ.ചന്ദ്രശേഖരന്‍നായര്‍ ആയിരുന്നു. മൂന്നാം കേരള നിയമസഭയുടെ ഒന്നും രണ്ടും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. 1977-79ല്‍ അഞ്ചാം കേരള നിയമസഭയില്‍ സ്വകാര്യ ബില്ലുകളും പ്രമേയങ്ങളും സംബന്ധിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. അഞ്ചാം കേരള നിയമസഭയുടെ (1977-79) ഒന്നും രണ്ടും നാലും ആറും സമ്മേളനങ്ങളില്‍ പാനല്‍ ഓഫ് ചെയര്‍മാന്‍ ആയിരുന്നു. 1980ല്‍ നിയമസഭ വിഷയ നിര്‍ണയ സമിതികള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. 1999ല്‍ നിയമസഭ വിഷയ നിര്‍ണയ സമിതികളുടെ പ്രവര്‍ത്തനം ശക്തമാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ ചെയര്‍മാനും ഇ.ചന്ദ്രശേഖരന്‍ നായരായിരുന്നു.

1957ൽ നിലവിൽ ഐക്യ കേരളത്തിലെ ആദ്യ നിയമസഭയിൽ ശക്തസാന്നിദ്ധ്യമായിരുന്ന യുവതലമുറയുടെ പ്രതിനിധിയായിരുന്നു ചന്ദ്രശേഖരൻ നായർ. അന്ന് ജിൻജർ ഗ്രൂപ്പ് എന്ന് മാധ്യമ ലോകത്തും രാഷ്ട്രീയ ലോകത്തും അറിയപ്പെട്ടിരുന്ന യുവ കമ്മ്യൂണിസ്റ്റ് എംഎൽഎമാരുടെ കൂട്ടായ്മയിലെ പ്രധാനി.

മന്ത്രിയായി ചുമതല വഹിച്ച വകുപ്പുകളിലെല്ലാം തന്രെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിന് അദ്ദേഹത്തിനായി. മാവേലി സ്റ്റോറുകളും ഓണം, ക്രിസ്മസ്, ബക്രീദ് തുടങ്ങി ആഘോഷാവസരങ്ങളിലെ ചന്തകളും അദ്ദേഹത്തിന്രെ കാലത്തെ വിപണി ഇടപെടലുകളാണ്. ഇവ വഴി വിലക്കയറ്റം പിടിച്ചു നിർത്താനും സാധിച്ചിരുന്നു. ടൂറിസം വകുപ്പിലും അദ്ദേഹത്തിന്രെ കാലത്ത് കേരളം മികച്ച നേട്ടം സൃഷ്ടിച്ചിട്ടുണ്ട്.

‘കേരള വികസന മാതൃക: പ്രതിസന്ധിയും പരിഹാരമാര്‍ഗ്ഗങ്ങളും’, ‘ഹിന്ദുമതം ഹിന്ദുത്വം’, ‘ചിതറിയ ഓര്‍മ്മകള്‍’ ‘മറക്കാത്ത ഓര്‍മ്മകള്‍’ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ‘ഹിന്ദുമതം ഹിന്ദുത്വം’ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

മികച്ച പാര്‍ലമെന്റേറിയനുള്ള ആര്‍.ശങ്കരനാരായണന്‍ തമ്പി പുരസ്‌കാരം, മികച്ച സഹകാരിക്കുള്ള സദാനന്ദന്‍ അവാര്‍ഡ്, കെ.എം.ചാണ്ടി അവാര്‍ഡ്, ബി. വിജയകുമാര്‍ അവാര്‍ഡ്, രാഷ്ട്രീയ ഏകത പുരസ്‌കാരം, ഗള്‍ഫ് മലയാളി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ മനോരമ നായര്‍ റിട്ട.ഹെഡ്മിസ്ട്രസ് ആണ്. ഗീതയും ജയചന്ദ്രനുമാണ് മക്കള്‍. മരുമക്കൾ: മുന്‍ ലേബര്‍ കമ്മിഷണര്‍ സി.രഘു, കാലിഫോര്‍ണിയയില്‍ ഹൃദ്രോഗ വിദഗ്‌ദയായ ലക്ഷ്മി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.