/indian-express-malayalam/media/media_files/uploads/2022/09/kanam-rajendran-c-divakaran.jpg)
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് സി ദിവാകരന്‍. സംസ്ഥാനത്ത് നേതൃമാറ്റം വേണമെന്നും പ്രായപരിധി നിര്‍ദേശം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
"സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമാണ്. ഒരാള്‍ തന്നെ സെക്രട്ടറിയായി തുടരണമെന്ന ആക്രാന്തം എന്തിനാണ്. കാനം രാജേന്ദ്രന്‍ എന്നേക്കാള്‍ ജൂനിയറാണ്. പ്രായപരിധി നിര്‍ദേശം അംഗീകരിക്കില്ല. എന്നെ വെട്ടിമാറ്റാമെന്ന് ആരും കരുതണ്ട," ദിവാകരന്‍ വ്യക്തമാക്കി.
സംസ്ഥാന സമ്മേളനം 30 ന് ആരംഭിക്കാനിരിക്കെയാണ് ദിവാകരന്‍ തുറന്നപോരിന് തുടക്കമിട്ടത്. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദിവാകരന്‍ കാനത്തിനെതിരെ തുറന്നടിച്ചത്. എന്നാല്‍ ചാനലിലൂടെ ഇതിനൊക്കെ മറുപടി പറയാനില്ലെന്നായിരുന്നു കാനത്തിന്റെ പ്രതികരണം.
പ്രായപരിധി തീരുമാനം പാര്‍ട്ടിയുടെ ദേശിയ കൗണ്‍സിലിന്റെ തീരുമാനമാണെന്നും അതു നടപ്പാക്കുമെന്നും കാനം പറഞ്ഞു. "സി ദിവാകരന്‍ പറഞ്ഞത് സംഘടനാ വിരുദ്ധമാണ്. പ്രായം കൊണ്ട് ഞാന്‍ ജൂനിയറായിരിക്കാം. എന്നാല്‍ പാര്‍ട്ടിയില്‍ അങ്ങനെയല്ല. സംസ്ഥാന സെക്രട്ടറി പദവിയിലേക്കു മത്സരം വേണോ വേണ്ടയോ എന്ന് സമ്മേളനം തീരുമാനിക്കും," കാനം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാന സെക്രട്ടറി പദവിയിലേക്കു പ്രായപരിധിയുണ്ടോയെന്നു ദേശീയ നേതൃത്വം പറയട്ടെയെന്നു ദിവകാരന്‍ പറഞ്ഞു.
"ഇക്കുറി സംസ്ഥാന സെക്രെട്ടറി സ്ഥാനത്തേക്കു മത്സരമുണ്ടാകും. ജില്ലാ സമ്മേളനങ്ങളിൽ നടന്ന ആരോഗ്യപരമായ ചർച്ചകൾ സംസ്ഥാന സമ്മേളനത്തിലും നടക്കുമെന്നാണു കരുതുന്നത്. പ്രായത്തിന്റെ പേരിൽ ആരും തർക്കിക്കാൻ ഒന്നുമില്ല," ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു.
"നേതൃമാറ്റം എല്ലാ പാര്‍ട്ടികള്‍ക്കും ആവശ്യമായ ഒന്നാണ്. താന്‍ തന്നെയാകണമെന്ന ആക്രാന്തം ശരിയല്ല. മാറ്റാരെങ്കിലും വരണമോ അല്ലെങ്കില്‍ തുടര്‍ച്ചയാണോ വേണ്ടതെന്ന് സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കേണ്ടത്. 75 വയസെന്ന നിബന്ധനയോട് യോജിപ്പില്ല," അദ്ദേഹം പറഞ്ഞു.
"സെക്രട്ടറി കടിച്ചുതൂങ്ങി നില്‍ക്കുണ്ടോയെന്നത് എനിക്കറിയില്ല. അദ്ദേഹം ഏകാധിപതിയാകാതി രിക്കാന്‍ കുടെയുള്ളവര്‍ കൂടി നോക്കേണ്ടതല്ലേ. പിണറായി വിജയനെ വിമര്‍ശിക്കാനും ആളുകള്‍ വേണ്ടെ. സംസ്ഥാന സെക്രട്ടറിയെ തിരുത്താന്‍ ഞാന്‍ ശ്രമിച്ചു. പക്ഷെ അദ്ദേഹം വിധേയനാകുന്നില്ല. എന്റെ ജൂനിയറാണ് അദ്ദേഹം. ജൂനിയേഴ്സിനോട് ഏറ്റുമുട്ടാനില്ല," ദിവാകരന്‍ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.