തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ട വിഷയത്തില്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം ഇടപെടണമെന്ന് സിപിഐ ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യാ സെക്രട്ടറി ആനിരാജ. പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ട്. ഇത് സംസ്ഥാനത്തിനേറ്റ കളങ്കമാണ്. മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ നടപടി സ്വീകരിക്കണമെന്നും ആനിരാജ ആവശ്യപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു ആനിരാജയുടെ പ്രതികരണം.
അന്വേഷണത്തില്‍ പൊലീസിനു വീഴ്ച പറ്റിയിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണം. സര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്തിനേറ്റ കളങ്കം നീക്കണം. സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണം. കുറ്റവാളികളെ രക്ഷിക്കുന്നതിന് കൂട്ടുനിന്നത് ഏത് രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളായാലും നേതൃത്വമായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആനിരാജ ആവശ്യപ്പെട്ടു.
വാളയാര്‍ കേസില്‍ പ്രതികളെ രക്ഷിക്കാന്‍ ബോധപൂര്‍വ ശ്രമം നടന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. പൊലീസിനും പ്രോസിക്യൂഷനും ഗുരുതര വീഴ്ചയുണ്ടായി. സർക്കാരിനും ഇതിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകനെ ശിശുക്ഷേമ സമിതി ചെയര്‍മാനാക്കിയ സര്‍ക്കാര്‍, കേസിന്റെ എല്ലാതലങ്ങളിലും വീഴ്ച വരുത്തി.
പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടും പ്രതികള്‍ക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് അന്വേഷണത്തില്‍ ഉടനീളം തെളിഞ്ഞുനിന്നത്. പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കിയ കേസാണ് അട്ടിമറി നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, പ്രതികളെ വെറുതേവിട്ട വിധിക്കെതിരെ പൊലീസ് അപ്പീലിനു പോകുന്നതിൽ വിശ്വാസമില്ലെന്ന് പെൺകുട്ടികളുടെ കുടുംബം പറഞ്ഞു. സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആവശ്യം.