തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയൽ. ചരിത്രവസ്തുതകളെ മുഖ്യമന്ത്രി മനപൂർവം തമസ്കരിച്ചുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. ഭൂപരിഷ്കരണ നിയമത്തിന്റെ 50-ാം വർഷികത്തിൽ സി.അച്യുതമേനോനെ പരാമർശിക്കാത്തതിനെ വിമർശിച്ചുകൊണ്ടാണ് മുഖപ്രസംഗം.

മുഖ്യമന്ത്രി യാഥാര്‍ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നുവെന്നും ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു. ചരിത്രത്തോട് തെല്ലും സത്യസന്ധത പുലർത്താതെ വളച്ചൊടിച്ചും ദുർവ്യാഖ്യാനം ചെയ്തും ദേശീയ രാഷ്ട്രീയത്തെ കലുഷിതമാക്കി മാറ്റുന്ന ഘട്ടത്തിൽ സമീപകാല കേരളത്തിന്റെ ചരിത്ര യാഥാർത്ഥ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിക്കുന്ന നിലപാട് ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ല.

ഭൂപരിഷ്കരണ നിയമം കേരളത്തിന്റെ ഭൂഉടമ ബന്ധങ്ങളിലും ജനതയുടെ പുരോഗതിയിലും നൽകിയ മഹത്തായ സംഭാവനകൾ ചരിത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളം കൈവരിച്ച ആ നേട്ടത്തെ അവമതിക്കാനും അതിനെ ഫലത്തിൽ അട്ടിമറിക്കാനും പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

ഭൂപരിഷ്കരണ ഭേദഗതി നിയമത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിൽ സി.അച്യുതമേനോന്റെ പേര് പരാമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിസ്മരിച്ചുവെന്ന് ആരും കരുതില്ല. മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനപൂർവമായ തമസ്കരണമാണ്. അത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.