തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റക്കേസില്‍ നിന്ന് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ മാറ്റിയത് സംബന്ധിച്ച് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കം ഇടതു മുന്നണിയെ കലഹമുന്നണിയായി മാറ്റിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് റവന്യൂ മന്ത്രിയും എ.ജിയും തമ്മിലുള്ള തര്‍ക്കമല്ല. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള തര്‍ക്കമാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവുമില്ലാതെ എ.ജി സംസ്ഥാനത്തെ ഒരു മന്ത്രിയെ ധിക്കരിക്കുമെന്ന് കരുതാനില്ല അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനെല്ലാം പിന്നില്‍. നേരത്തെ തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്തപ്പോഴും രക്ഷകനായെത്തിയത് മുഖ്യമന്ത്രിയായിരുന്നു. ക്രിമിനല്‍ കേസെടുക്കാൻ തക്കവണ്ണം ആരോപണത്തിന് വിധേയനാണ് തോമസ് ചാണ്ടിയെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കുറിപ്പ് നല്‍കിയതാണ്. എന്നിട്ടും റിപ്പോര്‍ട്ട് നിയമോപദേശത്തിനയച്ച് തോമസ് ചാണ്ടിയെ തത്ക്കാലത്തേക്ക് രക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സി.പി.ഐ ഓരോ സമയത്തും പ്രതിഷേധിച്ച് ഒച്ച വയ്ക്കുമെന്നല്ലാതെ അതിനപ്പുറത്തേക്ക് പോകാനുള്ള കെല്‌പൊന്നും ആ പാര്‍ട്ടിക്കില്ല. നേരത്തെ മൂന്നാര്‍ കയ്യേറ്റത്തിന്റെ കാര്യത്തിലും ഇത് കണ്ടതാണ്. സി.പി.എമ്മിന് ഇത് നന്നായി അറിയാമെന്നതിനാലാണ് അവര്‍ ഇതൊന്നും കാര്യമായി എടുക്കാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് ഐ.എസ്.ബന്ധമെന്ന ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് എങ്ങനെയും അധികാരത്തിലെത്താനുള്ള ഹീന തന്ത്രത്തിന്റെ ഭാഗമാണ് ഈ പ്രസ്താവന. അഹമ്മദ് പട്ടേലിനെപ്പോലെ മതേതര മുഖമുള്ള നേതാവിനെ അകീര്‍ത്തിപ്പെടുത്താനുള്ള ബി.ജെ.പിയുടെ ശ്രമത്തെ ശക്തമായി നേരിടും. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പട്ടേലിനെ തോല്പിക്കാന്‍ എല്ലാ കുതന്ത്രങ്ങളും പയറ്റിയിട്ടും വിജയിക്കാത്തതിന്റെ ജാള്യതയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. പണക്കൊഴുപ്പിലൂടെ ഗുജറാത്ത് ജനതയെ വിലയ്ക്ക് വാങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടപ്പോള്‍ വളഞ്ഞ വഴിയിലൂടെ കോണ്‍ഗ്രസിനെ നേരിടാനാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ