തിരുവനന്തപുരം: ലാന്റ് റവന്യു കമ്മിഷൻ മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന് സിപിഐയിൽ പൊതുധാരണ ഉണ്ടായതായി റിപ്പോർട്ട്. അൻധികൃത നിർമ്മാണങ്ങൾ പൊളിച്ച വിഎസ് സർക്കാരിന്റെ മുൻനടപടി ഇത്തവണ വേണ്ടെന്നാണ് സിപിഐ യിൽ ധാരണയായിരിക്കുന്നത്. അതേസമയം ഈ വിഷയത്തിൽ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രനും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും രണ്ടു തട്ടിലായത് പാർട്ടിയിലെ ആഭ്യന്തര സംഘർഷം രൂക്ഷമാക്കി.

പുതിയ കെട്ടിടങ്ങൾ അനുവദിക്കേണ്ടതില്ലെന്ന തീരുമാനമാണ് സിപിഐയിൽ ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി നിർമ്മിച്ചവ ഏറ്റെടുക്കുകയോ പഴയ കെട്ടിടങ്ങൾ പൊളിക്കുകയോ വേണ്ട. അതേസമയം ഇവിടെ നടക്കുന്ന ഖനനങ്ങൾ തടയണമെന്നും പുതിയ കെട്ടിടങ്ങൾ നിയമവിരുദ്ധമായി യാതൊരു കാരണവശാലും അനുവദിക്കരുതെന്നും നിലപാടുണ്ട്.

ദേവികുളം സബ്‌കളക്ടറെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സിപിഎം-സിപിഐ പ്രാദേശിക നേതൃത്വങ്ങൾ രംഗത്ത് വന്നതോടെയാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യു മന്ത്രിയും പുറകോട്ട് മാറിയത്. റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ മൂന്നാറിൽ ഇപ്പോൾ കെട്ടിട നിർമ്മാണങ്ങൾ അനുവദിക്കുന്നില്ല. വീട് നിർമ്മിക്കുന്നതിനും ചെറിയ കടമുറികൾ നിർമ്മിക്കുന്നതിനും മാത്രമാണ് അനുമതി ആവശ്യം ഇല്ലാത്തത്.

അനധികൃത നിർമ്മാണങ്ങൾ തടഞ്ഞ്, നിർമ്മാണ സാമഗ്രികളും വാഹനങ്ങളും കണ്ടുകെട്ടിയ ദേവികുളം സബ്‌കളക്ടറുടെ നടപടി വിവാദമായിരുന്നു. റവന്യു കയ്യേറ്റങ്ങൾ കണ്ടെത്താൻ ഒരു പ്രത്യേക സേന കളക്ടറുടെ നേചൃത്വത്തിൽ രൂപീകരിക്കാനുള്ള ആലോചനകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ