ഇടുക്കി: അതിരപ്പിള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയ്ക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി വൈദ്യുതിമന്ത്രി എം.എം.മണി. പദ്ധതിയെ സിപിഐ എതിർക്കുന്നത് വിവരക്കേടുകൊണ്ടാണെന്ന് മന്ത്രി പരിഹസിച്ചു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നു തന്നെയാണ് സിപിഎമ്മിന്‍റെയും കെഎസ്ഇബിയുടെയും നിലപാടെന്നു പറഞ്ഞ മന്ത്രി സമവായത്തിലൂടെ പദ്ധതി നടപ്പിലാക്കുമെന്നന്നും ഇതിനെതിരെ നിയമനടപടി ഉണ്ടായാൽ അതിനെ നേരിടുമെന്നും അറിയിച്ചു.

എതിര്‍ക്കുന്നവര്‍ ഭരണത്തിലുണ്ടായിരുന്നപ്പോള്‍ വേണ്ടെന്ന് വെച്ചില്ല. ഇപ്പോള്‍ പദ്ധതിയെ എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. മുന്നണിക്കുള്ളിലുള്ളവർ തന്നെ സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതിക്കെതിരെ എതിർപ്പുയർത്തരുത്. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്‍റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന്, വിമർശിക്കുന്നവർ ഓർക്കണമെന്നും മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന് ഓർത്താൽ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കാനം പറയുന്നത് സിപിഐയുടെ നിലപാട് തന്നെയെന്ന് സിപിഐ നേതാവ് പ്രകാശ് ബാബു പറഞ്ഞു. നാവുദോഷം കൊണ്ടാണ് വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്കെത്താത്തതെന്നും പ്രകാശ് ബാബു ആരോപിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ