തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള സിപിഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറാണ് സ്ഥാനാർത്ഥി. എഐവൈഎഫ് ദേശീയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
സിപിഐയുടെ സംസ്ഥാന കൗൺസിൽ യോഗത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ സന്തോഷത്തോടെ നിർവഹിക്കുമെന്ന് സന്തോഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. രണ്ടു രാജ്യസഭാ സീറ്റുകളാണ് കേരളത്തിൽ ഒഴിവ് വരുന്നത്.
നേരത്തെ രാജ്യസഭാ സീറ്റ് സിപിഐയ്ക്കും സിപിഎമ്മിനും നൽകാൻ എകെജി സെന്ററിൽ ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. എൽജെഡി, എൻസിപി, ജെഡിഎസ് എന്നി ഘടകകക്ഷികളുടെ ആവശ്യം നിരസിച്ചു. ഒരു സീറ്റിലേക്ക് ഈ കക്ഷിക അവകാശവാദം ഉന്നയിച്ചിരിന്നു. എന്നാൽ ദേശീയ സാഹചര്യം കണക്കിലെടുത്ത് സിപിഐയ്ക്ക് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
ഐകകണ്ഠ്യേനയാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയതെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എല്ലാ ഘടകകക്ഷികളുമായി സംസാരിച്ചുവെന്നും അവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച് കൂട്ടായ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബിനോയ് വിശ്വമാണ് സിപിഐയുടെ നിലവിലെ രാജ്യസഭാഗം. എൽജെഡി നേതാവ് വീരേന്ദ്രകുമാർ എൽഡിഎഫിലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹം അന്തരിച്ചപ്പോൾ മകൻ ശ്രേയംസ് കുമാറിന് നൽകിയിരുന്നു. എന്നാൽ നിലവിൽ ഒരു എംഎൽഎ മാത്രമുള്ള എൽജെഡിയ്ക്ക് രാജ്യസഭാ സെറ്റ് നൽകേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
രാജ്യസഭാ സീറ്റിലേക്ക് യുവനേതാക്കളെ ഉൾപ്പടെ സിപിഎം പരിഗണിക്കുന്നുണ്ട്. 21നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി. 31ന് തിരഞ്ഞെടുപ്പും വോട്ടെണ്ണലും നടക്കും.
Also Read: മീഡിയ വൺ വിലക്കിന് സുപ്രീം കോടതി സ്റ്റേ; സംപ്രേഷണം തുടരാം