നെടുങ്കണ്ടം (തൊടുപുഴ): സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രി മണി എംഎം മണിക്കും രൂക്ഷ വിമര്‍ശനം. പാപ്പാത്തിച്ചോലയില്‍ വെള്ളൂക്കുന്നേല്‍ കുടുംബം കൈയേറിയ 200 ഏക്കര്‍ റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം പാപ്പാത്തിച്ചോലയില്‍ കൈയേറ്റം ഒഴിപ്പിച്ചപ്പോള്‍ വൈദ്യുതി മന്ത്രി എം എം മണിയും സിപിഎം നേതാക്കളും മുഖ്യമന്ത്രി തന്നെയും കോപാകുലരായി രംഗത്തെത്തിയെന്നു കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട്, കോപാകുലനായ മുഖ്യമന്ത്രി പറഞ്ഞത് ഒഴിപ്പിക്കല്‍ നടപടി സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും, താനാണ് സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞെന്നും വിമര്‍ശിക്കുന്നു. വൈദ്യുതി മന്ത്രി എം എം മണിയുടെ നിലപാടുകള്‍ ജില്ലയിലെ മുന്നണി ബന്ധത്തിനു തന്നെ കോട്ടം തട്ടുന്ന തരത്തിലുള്ളതാണെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് മണിക്ക് കൈയേറ്റക്കാരെ സംരക്ഷിക്കുകയെന്ന അജണ്ടയുണ്ടെന്നും ആരോപിക്കുന്നു.

cpi idukki report

ജോയ്സ് ജോർജിനെ സംരക്ഷിച്ചുവെന്ന് അവകാശപ്പെടുന്ന സി പി​ഐ​ ജില്ലാ സമ്മേളന റിപ്പോർട്ടിലെ ഭാഗം

‘സിപിഎമ്മില്‍ നിന്നു നൂറുകണക്കിനാളുകളാണ് ദിവസംതോറും സിപിഐയില്‍ ചേരുന്നത്. ഒരു പക്ഷേ ഈ ഒഴുക്കിന് തടയിടാനും സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മണിയുടെ ഈ നിലപാട് സഹായിക്കുമെന്ന് ഒരു വിഭാഗം കരുതുന്നുണ്ടാകും. ജില്ലയിലെ കൈയേറ്റം ഒഴിപ്പിക്കുന്ന പ്രശ്‌നം വരുമ്പോള്‍ സിപിഎമ്മിന്റെ പ്രത്യേകിച്ച് എംഎം മണിയുടെ മട്ടും ഭാവവും മാറും. ജില്ലയില്‍ കൈയേറ്റക്കാരേയില്ലായെന്ന നിലപാടാണ് അവര്‍ക്കുള്ളത്,’ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.

ഇടതുപക്ഷ എംപിയെന്ന നിലയില്‍ ജോയ്‌സിനെ സംരക്ഷിച്ചുകൊണ്ടുള്ള നിലപാടുകളാണ് സിപിഐ സ്വീകരിക്കുന്നതെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ‘ പട്ടയ പരിശോധനയില്‍ രേഖകള്‍ ശരിയല്ലെന്നു കളക്ടര്‍ക്കു തോന്നി. കളക്ടര്‍ ആ പട്ടയം റദ്ദാക്കി. ഇനി പ്രശ്‌നത്തിന് നിയമപരമായേ പരിഹാരമുള്ളൂ. ജോയ്‌സ് ഈ വിഷയത്തില്‍ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്. എംഎം മണിക്ക് നല്ലതുപോലെ അറിയാം നമ്മള്‍ സബ് കളക്ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലെന്നും ജോയ്‌സിനെതിരായ നിലപാട് സ്വീകരിക്കില്ലെന്നും എന്നാല്‍ ഇതെല്ലാം അറിഞ്ഞുകൊണ്ടു തന്നെയാണ് സിപിഐ ജില്ലാ നേതൃത്വം ഒറ്റുകാരാണെന്നു പ്രസംഗിച്ചത്.

ജോയ്‌സിനെ മറയാക്കി ജില്ലയിലെ പ്രത്യേകിച്ച് കൊട്ടക്കമ്പൂര്‍ മേഖലയിലെ മുഴുവന്‍ കൈയേറ്റക്കാരെയും സംരക്ഷിക്കാനാണ് മണി ശ്രമിക്കുന്നതെന്നാണ് തോന്നുന്നത്. ഒന്നുകില്‍ അദ്ദേഹം ആരോപണം പിന്‍വലിക്കണം. അല്ലെങ്കില്‍ തെളിയിക്കണം. ആര്‍ക്കും കൊട്ടാവുന്ന വഴി ചെണ്ടയാണ് സിപിഐ എന്ന ധാരണ ഒരു കൊമ്പനും ഉണ്ടാകാന്‍ പാടില്ല. സിപിഎം ജില്ലാ നേതൃത്വവും ജോയ്‌സ് ജോര്‍ജ് എംപിയും നിലപാട് വ്യക്തമാക്കണം. നമ്മെ ഒറ്റുകാരായി ചിത്രീകരിച്ചു മുന്നോട്ടു പോകാനാണ് അവരുടെ തീരുമാനമെങ്കില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും’ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ മാന്യമായാണ് പെരുമാറുന്നതെന്നും മുന്നണി മര്യാദ പാലിക്കുന്നുണ്ടെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഎം ദുര്‍ബലപ്പെടണമെന്ന ആഗ്രഹം സി പി ഐക്കില്ലെന്നു പറഞ്ഞ കാനം സി പി എം ചരിത്രം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റിന് അകത്തു കയറാനാകാതെ ചുറ്റും നടന്ന കാലം സി പി എമ്മിനുണ്ടായിരുന്നു. സിപി ഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷ മുന്നണി ശക്തിപ്പെടുമെന്ന കാഴ്ചപ്പാടിലേക്ക് സിപിഎം ഒരിക്കലും പോകരുതെന്ന് കാനം  പറഞ്ഞു. സിപിഎം-സിപിഐ തര്‍ക്കം സഹോദരങ്ങള്‍ തമ്മിലുള്ള വഴക്കുമാത്രമാണെന്നും ചൂണ്ടിക്കാട്ടി. പ്രസംഗത്തിനിടെ കേരളാ കോണ്‍ഗ്രസ് എമ്മിനെ വിമര്‍ശിച്ച കാനം മുന്നണി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. അധ്വാനവര്‍ഗമെന്ന് അവകാശപ്പെടുന്നവര്‍ വാതില്‍ പടിക്കല്‍ കാത്തു നില്‍ക്കേണ്ട കാര്യമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച വനംമന്ത്രി കെ രാജുവും ബുധനാഴ്ച റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും സമ്മേളനത്തില്‍ പങ്കെടുക്കും. ബുധനാഴ്ച സമ്മേളനം സമാപിക്കും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.