തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്കാര്യം സംബന്ധിച്ച് സിപിഎമ്മിന്റെ വിമർശനത്തിന് മറുപടിയുമായി സിപിഐ. രാജിക്കാര്യം സംബന്ധിച്ച് സിപിഐ പാർലമമെന്ററി പാർട്ടി അദ്ധ്യക്ഷനായ ഇ.ചന്ദ്രശേഖരനോ സിപിഐക്കോ യാതൊരു അറിയിപ്പും കിട്ടിയിരുന്നില്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. ഇക്കാര്യം ആരുടെയെങ്കിലും മനസിലുണ്ടായിരുന്നെങ്കിൽ സിപിഐക്ക് എങ്ങിനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചു.

“ഭരണഘടനാ ലംഘനം നടത്തുകയും സ്വന്തം സർക്കാരിനെതിരെ കോടതിയിൽ കേസ് കൊടുക്കുകയും ചെയ്ത വ്യക്തി മന്ത്രിസഭയിൽ ഇരിക്കുക, ആ മന്ത്രിസഭയിൽ കാര്യങ്ങൾ ചർച്ച ചെയ്ത് പോവുകയെന്ന് പറയുന്നത് മുന്നണിക്ക് ചേരുന്നതല്ല. അങ്ങിനെയൊരാാൾ ആ മന്ത്രിസഭയിൽ തുടരരുതെന്നാണ് സിപിഐയുടെ അഭിപ്രായം.”

“സോളാർ കേസിൽ യുഡിഎഫ് തകർന്ന് തരിപ്പണമാകേണ്ടതായിരുന്നു. ഈ ചാണ്ടി രാജിവയ്ക്കാതെ തുടർന്നതാണ് യുഡിഎഫിന് രക്ഷയായത്. പടയോട്ടം പോലും ചെന്നിത്തല നിർത്തുമായിരുന്നു. ചാണ്ടി മന്ത്രിസഭയിൽ തുടർന്നതാണ് യുഡിഎഫിന് സഹായകരമായത്”, അദ്ദേഹം പറഞ്ഞു.

“മന്ത്രിസഭ യോഗം നീട്ടിവയ്ക്കുക, മാറ്റിവയ്ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത്. മന്ത്രി രാജിവയ്ക്കും എന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഇക്കാര്യം സിപിഐ നേതൃത്വത്തെ അറിയിക്കാമായിരുന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ