തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ റവന്യു ഭൂമി കയ്യേറിയതിന്റെ ഉത്തരവാദിത്തം സിപിഐക്കും കോൺഗ്രസിനുമാണെന്ന് വൈദ്യുതി മന്ത്രി എം.എം മണി. സി പി ഐയുടെ പേര് എടുത്ത് പറയാതെയാണ് മന്ത്രിയുടെ പരോക്ഷ വിമർശനം. എൽ ഡി എഫ് അധികാരത്തിൽ വരുമ്പോഴൊരിക്കലും സി പി എം റവന്യു വകുപ്പോ വനംവകുപ്പോ ഭരിച്ചിട്ടില്ലെന്നും ഘടകക്ഷികൾ മാത്രമാണ് ഭരിച്ചതെന്നും പറഞ്ഞുകൊണ്ടാണ് പേരെടുത്തു പറയാതെയുളള​ സിപിഐ വിമർശനം.

യുഡിഎഫ് ഭരിക്കുമ്പോൾ കോൺഗ്രസും അവരുടെ ഘടകക്ഷികളും ഭരിച്ചിരുന്നതാണ് റവന്യു, വനം വകുപ്പുകൾ എന്നും എല്ലാകാലത്തും ഈ വകുപ്പുകൾ ഭരിച്ചവരാണ്  കയ്യേറ്റങ്ങൾക്ക് ചൂട്ട് പിടിച്ചതെന്നു എം.എം മണി വിമർശിക്കുന്നു. ഈ വസ്തുതകള്‍ മറച്ച് വെച്ച് സി.പി.ഐ.(എം.)നെതിരെ അപവാദപ്രചരണം നടത്തുന്നത് ശരിയായ നിലയില്‍ പറഞ്ഞാല്‍ ശുദ്ധ തട്ടിപ്പാണ് എന്നും എം.എം മണി തന്റെ ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഇടുക്കി ജില്ലയില്‍ സി.പി.ഐ.(എം.) സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നുവെന്നും വനനശീകരണം നടത്തുന്നു എന്നും നിരന്തരം അപവാദപ്രചരണം വിവിധ മാധ്യമങ്ങളും വ്യക്തികളും നടത്തുകയാണ് എന്നും ഇത് അടിസ്ഥാന രഹിതമാണ് എന്നും മന്ത്രി പറഞ്ഞു. മൂന്നാറിൽ വർഷങ്ങൾക്ക് മുൻപ് കുടിയേറിയവരുടെ ഭൂമി സംരക്ഷിക്കാനാണ് സിപിഐഎം ശ്രമിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞുവെക്കുന്നുണ്ട്.

എം.എം മണിയുടെ ഫെയിസ്ബുക്ക് പോസ്റ്റിന്രെ പൂർണ്ണ രൂപം

ഇടുക്കി ജില്ലയില്‍ സി.പി.ഐ.(എം.) സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നുവെന്നും വനനശീകരണം നടത്തുന്നു എന്നും നിരന്തരം അപവാദപ്രചരണം വിവിധ മാധ്യമങ്ങളും വ്യക്തികളും നടത്തുകയാണ്. തികച്ചും അടിസ്ഥാന രഹിതമായ പ്രചരണമാണ് ഇക്കൂട്ടര്‍ നടത്തുന്നത്. കഴിഞ്ഞ 50 വര്‍ഷമായി സി.പി.ഐ.(എം.) റവന്യൂ, വനം വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടില്ല. യു.ഡി.എഫ് ഭരണകാലത്ത് കോൺഗ്രസ്സോ യു.ഡി.എഫ് ലെ വിവിധ ഘടകകക്ഷികളൊക്കെയാണ് വനം, റവന്യൂ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. എല്‍.ഡി.എഫ്. ഭരണകാലത്തും മുന്നണിയിലെ ഘടകകക്ഷികളാണ് ഈ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. വസ്തുത ഇതാണെന്നിരിക്കെ ഈ കാലയളവില്‍ നടന്ന ഭൂമി കൈയ്യേറ്റത്തിന്റെയും അനധികൃത റിസോര്‍ട്ട് നിര്‍മ്മാണത്തിന്റെയും പിതൃത്വം സി.പി.ഐ.(എം.)ന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കണ്ട. കാലാകാലമായി വകുപ്പ് കൈകാര്യം ചെയ്ത് കയ്യേറ്റത്തിനു ചൂട്ടു പിടിച്ച പാര്‍ട്ടികളും ഗ്രൂപ്പുകളും തന്നെ ഇതിന്റെ പിതൃത്വം ഏറ്റെടുത്താല്‍ മതി. വസ്തുതകള്‍ മറച്ച് വെച്ച് സി.പി.ഐ.(എം.) നെതിരെ അപവാദപ്രചരണം നടത്തുന്നത് ശരിയായ നിലയില്‍ പറഞ്ഞാല്‍ ശുദ്ധ തട്ടിപ്പാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ