കൊച്ചി: എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. എല്‍ദോയുടെ കൈ ഒടിഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രാജു പറഞ്ഞു. പൊലീസ് മനഃപ്പൂര്‍വ്വം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്. അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. കലക്ടറുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതില്‍ സിപിഐ അതൃപ്തി അറിയിച്ചു.
പൊലീസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ലാത്തിചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് ലാത്തിചാര്‍ജ് നടന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്. ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയുണ്ടാകുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.
Read Also: ‘വീടിന്റെ പിന്നില്‍ കുഴിയെടുത്തിരുന്നു’; അഖിലിനെയും സഹോദരനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും
പൊലീസ് മര്‍ദനത്തില്‍ കൈ ഒടിഞ്ഞതായി താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് സിപിഐ എംഎല്‍എ എല്‍ദോ എബ്രഹാം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണവുമായി എംഎല്‍എ എത്തിയത്. കൈ ഒടിഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ല. പരുക്കിനെ പറ്റി തര്‍ക്കത്തിനുള്ള സമയമല്ല. കലക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടാണ് നേരത്തെ പുറത്തുവന്നത്.
”മാര്‍ച്ചിനിടെ പൊലീസ് തന്നെയും മറ്റ് സിപിഐ നേതാക്കളെയും മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിട്ടുണ്ട്. ആ ദൃശ്യങ്ങള്‍ തന്നെയാണ് ജീവിക്കുന്ന തെളിവ്. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അപ്പോള്‍ ഞാന്‍ തെറിച്ചുവീണു. ആ വീഴ്ചയില്‍ ഇടത് ഭാഗം ചേര്‍ന്നാണ് വീണത്. അപ്പോഴാണ് മുട്ടിന് പരുക്കേറ്റത്. മുട്ടിന് പരുക്കുണ്ട് എന്ന് മാത്രമാണ് ഞാന്‍ നേരത്തെയും പറഞ്ഞത്. അല്ലാതെ കൈ ഒടിഞ്ഞു എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലാണ് അത്തരം വാര്‍ത്തകള്‍ പുറത്തുവന്നത്,” എല്‍ദോ എബ്രഹാം പറഞ്ഞു.
പൊലീസ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്. പരുക്കുകളുടെ ആഴം അളന്നുനോക്കേണ്ട സമയമല്ല. പൊലീസ് റിപ്പോര്‍ട്ട് അവരെ തന്നെ ന്യായീകരിക്കാന്‍ വേണ്ടിയുള്ളതാണ്. സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് പൊലീസ് അത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും എല്‍ദോ പറഞ്ഞു. അതേസമയം, കലക്ടറുടെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാമെന്നും കലക്ടറുടെ അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നും എല്‍ദോ കൂട്ടിച്ചേര്‍ത്തു.