കണ്ണൂർ: മാവോയിസ്റ്റ് വിഷയത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിന്റെ ലേഖനം സർക്കാർ അനുമതിയോടെയാണോയെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലേഖനം മജിസ്റ്റീരിയൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി,ഹൈക്കോടതി വിധികൾക്ക് എതിരാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. മാവോയിസ്റ്റ് വിഷയത്തില്‍ കോടതി നടപടി പുരോഗമിക്കുമ്പോൾ ചീഫ് സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം തെറ്റായിപ്പോയെന്നും അത് അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശം നൽകുന്നതെന്നും കാനം പറഞ്ഞു.

അതേസമയം ഇടത് പക്ഷത്തിൽ ഭിന്നതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലപാടുകളിലുള്ള അഭിപ്രായ വ്യത്യമാസമാണുള്ളത്. ഇത് സർക്കാരിനെയോ ഭരണത്തയോ ബാധിക്കില്ല. കാനം രാജേന്ദ്രൻ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്ക് എതിരായ നടപടിയെ ന്യായീകരിച്ചാണ് ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ ലേഖനമെഴുതിയത്. മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനും പന്തീരാങ്കാവിൽ യുവാക്കളെ മവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതിനും പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ലേഖനം. രണ്ട് സംഭവത്തിലും സർക്കാരിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. മാവോയിസ്റ്റുകൾ തീവ്രവാദികളാണെന്നും കൊല്ലപ്പെടേണ്ടവരാണെന്നുമായിരുന്നു ചീഫ് സെക്രട്ടറി ലേഖനത്തിൽ പറഞ്ഞത്.

അതേസമയം അട്ടപ്പാടിയിലെ മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം വ്യാജ ഏറ്റുമുട്ടൽ തന്നെയെന്ന് സിപിഐ റിപ്പോർട്ട്. പാര്‍ട്ടി നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു, പി.പ്രസാദ്, മുഹമ്മദ് മുഹസിൻ എംഎൽഎ എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് നിയമസഭയിലെത്തി സമർപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.