Triple Lockdown: കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ തിരുവനന്തപുരം നഗരം ട്രിപ്പിൾ ലോക്ക്ഡൗൺ . കൊച്ചി നഗരത്തിലും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകളുയർന്നിരുന്നു.
രാജ്യത്ത് ആദ്യഘട്ടത്തിൽ നടപ്പാക്കിയ ലോക്ക്ഡൗണിനേക്കാളും ശക്തമായ നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിൽ നടപ്പാക്കുക. അവശ്യ സേവനങ്ങൾ മാത്രം ലഭ്യമാക്കി മറ്റെല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ വിലക്കിക്കൊണ്ടുള്ള കർശന നിയന്ത്രണങ്ങളാണ് ഉണ്ടാവുക. പ്രധാന റോഡുകൾ അടയ്ക്കും. മെഡിക്കൽ ഷോപ്പുകളും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മാത്രം തുറക്കും.
ഏഴ് ദിവസത്തേക്കാണ് തിരുവനന്തപുരത്തെ നഗരസഭാപരിധിയില്‍ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇന്നു രാവിലെ ആറു മണി മുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരം നഗരത്തിലെ ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് അടക്കമുള്ള സ്ഥാപനങ്ങൾ അടച്ചിടും. പൊലീസ് ആസ്ഥാനം മാത്രമായിരിക്കും പ്രവർത്തിക്കുക. മുഖ്യമന്ത്രി സ്വന്തം വസതിയിലിരുന്നായിരിക്കും ജോലി ചെയ്യുക.
What is Triple Lockdown?: എന്താണ് ട്രിപ്പിൾ ലോക്ക്ഡൗൺ?
പൊലീസ് ഇടപെടലിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള നിയന്ത്രണമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. ആളുകളുടെ പൊതു സമ്പർക്കം കുറച്ചു കൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാനാണ് ട്രിപ്പിൾ ലോക്ക്ഡൗണിലൂടെ ശ്രമിക്കുക.
- ജില്ലയിലാകെയുള്ള സഞ്ചാരം നിയന്ത്രിക്കുന്നതടക്കമുള്ള പൊതുവായുള്ള നിയന്ത്രണങ്ങളാണ് ട്രിപ്പിൾ ലോക്ക്ഡൗണിലെ ആദ്യ ലോക്ക്.
- കണ്ടെയ്ൻമെന്റ് സോണുകൾ കണ്ടെത്തി ആ പ്രദേശങ്ങളിൽ പ്രത്യേകം നടപ്പാക്കുന്ന നിയന്ത്രണങ്ങളാണ് രണ്ടാമത്തെ ലോക്ക്. രോഗവ്യാപനം കൂടുതലായി കണ്ടെത്തിയ പ്രദേശങ്ങളെ ക്ലസ്റ്ററുകളാക്കി കണക്കാക്കി നിയന്ത്രണങ്ങൾ നടപ്പാക്കും.
- കുറച്ചുകൂടി സൂക്ഷ്മമായിട്ടുള്ള നിയന്ത്രണങ്ങളാണ് മൂന്നാമത്തെ ലോക്ക്. കോവിഡ് പോസിറ്റീവായ വ്യക്തികളുടെ പ്രൈമറി സെകൻഡറി കോണ്ടാക്ടുകളെ നിരീക്ഷിക്കും. അവർ വഴിയുള്ള രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഇതിന്റെ നടപ്പാക്കും. കോവിഡ് ബാധിച്ചവർ വീട്ടിൽ തന്നെ കഴിയുമെന്ന് ഉറപ്പാക്കും. ഇതിനായി പൊലീസ് നിരീക്ഷണം ശക്തമാക്കും. വാഹനങ്ങളിൽ പട്രോളിങ്ങ് നടത്തിയും ഗാർഡുകളെ നിയമിച്ചും ഡ്രോണുകളുപയോഗിച്ചുമാണ് കോവിഡ് ബാധിതരുടെ വീടുകൾക്ക് സമീപം നിരീക്ഷണമുണ്ടാവുക.
മൂന്നു തലങ്ങളിലായാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരിക.
- ആദ്യത്തേത് രാജ്യത്തോ സംസ്ഥാനത്തോ ഇതിനകം നിലവിലുള്ള സാധാരണ ലോക്ക്ഡൗൺ
- രണ്ടാമത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയ ജില്ല, നഗരസഭ, തദ്ദേശ സ്ഥാപനം എന്നിങ്ങനെയുള്ള ഔദ്യോഗിക പരിധികൾക്കുള്ളിലെ പ്രദേശങ്ങളിൽ ആകെ നടപ്പാക്കുന്ന അധിക നിയന്ത്രണങ്ങൾ
- മൂന്നാമത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ രോഗബാധ രൂക്ഷമായി കണ്ടെത്തിയ സ്ഥലങ്ങളിൽ പ്രത്യേകമായി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ.
Triple Lockdown in Trivandrum: തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍
പൂർണ ലോക്ക് ഡൗണ്‍ കാലയളവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള അവശ്യ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ അടച്ചിടും. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ അനുവദിക്കില്ല.
ഒരു എൻട്രി പോയിന്റും ഒരു എക്സിറ്റ് പോയിന്റും മാത്രം അനുവദിച്ച് പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പ്രവർത്തിനു അനുമതിയുണ്ടെങ്കിലും സമയ പരിധി കുറയ്ക്കും. കടകളിൽ പോകാൻ ആളുകളെ അനുവദിക്കില്ല. അവശ്യ വസ്തുക്കൾ വേണ്ടവർ പൊലീസിനെ അറിയിച്ചാൽ അവ വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കും.
കോടതികളിൽ കേസുകൾ പരിഗണിക്കില്ല. ജാമ്യം ഉൾപ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ ഓൺലൈൻ വഴിയാവും പരിഗണിക്കും.
പൊതുഗതാഗതം പൂർണമായും വിലക്കും.
What is Allowed?: ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയ സേവനങ്ങള്‍
താഴെപ്പറയുന്ന സേവനങ്ങളും സ്ഥാപനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
എയര്‍പോര്‍ട്ട്, വിമാനസര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്സി, എ.ടി.എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്‍റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍.പി.ജി, ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
Triple Lockdown: വിവരങ്ങള്‍ ഒറ്റനോട്ടത്തില്‍
- എല്ലാം കടകളും തുറക്കാൻ അനുമതി ഇല്ല
- ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും
- സെക്രട്ടറിയേറ്റ് അടച്ചിടും
- നഗരത്തിലേക്കുള്ള വഴികൾ അടക്കും
- പോലീസ് ആസ്ഥാനം അടക്കില്ല
- സർക്കാർ സ്ഥാപനങ്ങൾ തുറക്കില്ല
- അവശ്യ സാധനങ്ങൾ മാത്രം അനുവദിക്കും
- അവശ്യ സാധനങ്ങൾ വീടുകളിൽ എത്തിക്കും
- KSRTC ഡിപ്പോകൾ അടക്കും
- മരുന്ന് കടകളിൽ പോകാൻ സത്യ വാങ്മൂലം കരുതണം
- നഗരത്തിലേക്കുള്ള വഴികൾ അടക്കും
- പൊതുഗതാഗതം അനുവദിക്കില്ല
- മെഡിക്കൽ ഷോപ്പുകളും ആശുപത്രുകളും അനുവദിക്കും
- അവശ്യ സർവീസുകൾക്കായി ഒരു വഴി തുറക്കും
പൊലീസ് കമ്മീഷനർ വിജയ് സഖറെയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ എന്ന ആശയം മുന്നോട്ട് വച്ചത്. കോവിഡ് വ്യാപനത്തിന്റെ പാശ്ചാത്തലത്തില്‍ കേരളത്തില്‍ കാസർഗോഡ് – കണ്ണൂർ ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കിയിരുന്നു.