scorecardresearch

കോവിഡ് വാക്‌സിന്‍ എടുത്ത മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

പരിയാരം മെഡിക്കൽ കോളജിലെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മിതയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി

covid vaccine, covid 19 vaccine, covid vaccine death, covid vaccine death in kerala, കോവിഡ്, കോവിഡ് വാക്സിൻ, കോവിഡ് വാക്സിൻ സ്വീകരിച്ച വിദ്യാർത്ഥിനി മരിച്ചു, ie maayalam

കോഴിക്കോട്: കോവിഡ് വാക്‌സിന്‍ എടുത്ത ബിഡിഎസ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബത്തിന്റെ പരാതി. പരിയാരം മെഡിക്കല്‍ കോളജ് അവസാന വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനി മിത മോഹന്‍ (24) ആണ് മരിച്ചത്. ഇവിടുത്തെ ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മിതയുടെ കുടുംബം കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കി.

കോഴിക്കോട് മാത്തോട്ടം അരക്കിണര്‍ കൃഷ്ണമോഹനത്തില്‍ മോഹനന്റെയും ആനന്ദത്തിന്റെയും മകളായ മിത 20നാണു മരിച്ചത്. ഫെബ്രുവരി മൂന്നിനു കോവി ഷീല്‍ഡ് കോവിഡ് വാക്‌സിനെടുത്ത മിതയ്ക്ക് തുടര്‍ന്ന് പനിയും തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടിരുന്നു. തലവേദനയും ഛര്‍ദിയ്ക്കും ശമനമില്ലാതെ വന്നതോടെ പരിയാരത്ത് ചികിത്സ തേടി. എന്നാല്‍ വാക്‌സിന്റെ പ്രതിപ്രവര്‍ത്തനമാണെന്നു പറഞ്ഞ് അവഗണിക്കുകയും കൃത്യമായ രോഗനിര്‍ണയം നടത്തുകയോ യഥാസമയം വേണ്ട ചികിത്സ നല്‍കുകയോ  ഉണ്ടായില്ലെന്നും ഇതാണു മരണത്തിനിടയാക്കിയതെന്നും സഹോദരി മേഘ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. മിതയുടെ നില വഷളായതിനെത്തുടര്‍ന്ന് മേഘയാണ് 12 മുതല്‍ ആശുപത്രിയില്‍ ഒപ്പം നിന്നത്.

Read More: ആശങ്കയകലാതെ അഞ്ച് സംസ്ഥാനങ്ങൾ; വീണ്ടും ലോക്ക്ഡൗൺ സൂചന നൽകി മഹാരാഷ്ട്ര

ഫെബ്രുവരി 11നു മിതയ്ക്കു കോവിഡ് പരിശോധന നടത്തുകയും പോസിറ്റീവാണെന്നു 12നു സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആദ്യം ദ്രുത ആന്റിജന്‍ ടെസ്റ്റാണ് നടത്തിയത്. ഇതില്‍ നെഗറ്റീവായിരുന്നു ഫലം. തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചത്. ഇതിനുശേഷം മിതയെ ഐസൊലേഷനിലേക്കു മാറ്റി. അതുവരെ ചികിത്സയൊന്നും നല്‍കിയിരുന്നില്ലെന്നു പരാതിയില്‍ പറയുന്നു.

13നു രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് 80,000 ആയി കുറഞ്ഞു. 17നു കൗണ്ട് മുപ്പതിനായിരത്തില്‍ താഴെയായി ആരോഗ്യനില അതീവ മോശമായതോടെ മിതയെ ബന്ധുക്കള്‍ പിറ്റേദിവസം പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നുവെന്നു മാതൃസഹോദരിയുടെ മകന്‍ യു.ജി ഗോഷ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. കോഴിക്കോട്ടെ ആശുപത്രിയില്‍വച്ച് പ്ലേറ്റ്‌ലെറ്റ് കൗണ്ട് വീണ്ടും കുറഞ്ഞു. തുടര്‍ന്ന് ഹൃദയാഘാതത്തെത്തുടര്‍ന്ന് 20നാണു മിത മരിച്ചത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രോട്ടോകോള്‍ പ്രകാരം വാക്‌സിന്‍ എടുത്തയാളുകള്‍ക്ക് അനുഭവപ്പെടുന്ന നേരിയ ശാരീരികപ്രശ്‌നങ്ങള്‍ പോലും പരിശോധിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എന്നാല്‍ മിതയുടെ കാര്യത്തില്‍ ഇത് ലംഘിക്കപ്പെട്ടതായി സഹോദരിയുടെ പരാതിയില്‍ പറയുന്നു. വാക്‌സിന്‍ എടുക്കുന്നതിനു മുന്‍പ് പനിയോ തലവേദനയോ ഉണ്ടോയെന്ന് വാക്കാല്‍ ചോദിക്കുകയല്ലാതെ ഇക്കാര്യത്തില്‍ കൃത്യമായ നടപടിക്രമങ്ങളൊന്നും പാലിക്കുന്നില്ലെന്നത് തങ്ങള്‍ പൊതുവായി ഉന്നയിക്കുന്ന പ്രധാന ആശങ്കയാണെന്നു ഗോഷ് പറഞ്ഞു.

Read More: കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ചെന്ന പരാതി വ്യാജം; ഡിജിപി കോടതിയിൽ

അതേസമയം, മിതയുടെ കാര്യത്തില്‍ ചികിത്സാപ്പിഴവ് ഉണ്ടായില്ലെന്ന് പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. സുദീപ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

”വാക്‌സിന്‍ എടുത്തതിനെത്തുടര്‍ന്ന് മിതയ്ക്ക് അനുഭവപ്പെട്ട ശാരീരികപ്രശ്‌നങ്ങള്‍ ഐസിഎംആര്‍ പ്രോട്ടോകോള്‍ പ്രകാരം കൃത്യമായി വിലയിരുത്തുകയും അതിനു തക്കതായ ചികിത്സ നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍ടിപിസിആര്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മറ്റ് എല്ലാവിധ ടെസ്റ്റുകളും നടത്തിയിരുന്നു. കോവിഡിനെത്തുടര്‍ന്നുള്ള മറ്റു സങ്കീര്‍ണതകളാണു മിതയുടെ കാര്യത്തില്‍ പ്രശ്‌നമായത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെക്കൂടതലാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇതോടൊപ്പം ശരീരത്തില്‍ പല ഭാഗങ്ങളില്‍ രക്തം കട്ടപിടിക്കുന്നതും കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്, സാധാരണഗതിയില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പതിനായിരത്തില്‍ താഴെ എത്തുമ്പോഴാണു പ്ലേറ്റ്‌ലെറ്റ് കൊടുക്കുക. എന്നാല്‍ മിതയ്ക്കു കൗണ്ട് 29,000 ഉള്ളപ്പോള്‍ തന്നെ പ്ലേറ്റ്‌ലെറ്റ് കൊടുത്തു. മെഡിക്കല്‍ വിദ്യാര്‍ഥി എന്ന നിലയ്ക്കുള്ള പരിഗണനയും മിതയ്ക്കു നല്‍കിയിട്ടുണ്ട്,” ഡോ. സുദീപ് പറഞ്ഞു.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു. മിതയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിനു ലഭിച്ചിട്ടില്ല. പരാതി ഉന്നയിച്ച സാഹചര്യത്തില്‍ വിശദമായ പരിശോധന നടക്കേണ്ടുന്നതിനാല്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ ഒരു മാസത്തോളം എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നതെന്നു ഗോഷ് പറഞ്ഞു. പൊലീസ് കേസായ സാഹചര്യത്തില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചായിരിക്കും അന്വേഷണ നടപടികള്‍. മിതയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി കോഴിക്കോട്ടെ റീജിയണല്‍ കെമിക്കല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid19 medical student death pariyaram