scorecardresearch

മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല, വ്യാപാരികൾക്ക് സംരക്ഷണമൊരുക്കും: കെ.സുധാകരൻ

വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു

വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു

author-image
WebDesk
New Update
covid 19, lockdown restrictions kerala, Pinarayi Vijayan, k sudhakaran against pinarayi vijayan's statement on traders demand, pinarayi vijayan on traders demand, Pinarayi Vijayan, മുഖ്യമന്ത്രി, പിണറായി വിജയൻ, Oomen Chandy, VD Satheesan, Malayalam news, kerala news, news in malayalam, latest news in malayalam, covid, covid 19, lockdown, lockdown restrictions, ie malayalam

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കട തുറക്കുമെന്നു പ്രഖ്യാപിച്ച വ്യാപാരികളെ വേണ്ട രീതിയില്‍ നേരിടുമെന്നും മനസിലാക്കി കളിച്ചാല്‍ മതിയെന്നും മുന്നറിയിപ്പ് നല്‍കിയ മുഖ്യമന്ത്രിക്കെതിരെ കൂടുതല്‍ പ്രതിപക്ഷ നേതാക്കള്‍.

Advertisment

മുഖ്യമന്ത്രിയുടെ ഭീഷണി ജനാധിപത്യ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കള്ളക്കടത്തുകാരോടുമല്ല, കടത്തു മുതല്‍ ഭാഗിച്ച് മൂന്നായി വീതം വച്ചതില്‍ പാര്‍ട്ടിക്കുള്ള വിഹിതം തരാത്തവരോടല്ല, കടവും ബാധ്യതകളും കയറി മുടിയാന്‍ പോകുന്ന വ്യാപാരികളോടാണ് മുഖ്യമന്ത്രിയുടെ ഈ വെല്ലുവിളിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

''ഒന്നര വര്‍ഷമായി ജീവിതം മൊത്തം അടച്ചിട്ട്, വാടകയും നികുതിയും ഇന്‍ഷുറന്‍സുമൊക്കെ മുടങ്ങാതെ കൊടുക്കേണ്ടിവരുന്ന ഒരു സമൂഹത്തോടാണ് ഈ ധിക്കാരം. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഒരെത്തും പിടിയും കിട്ടാത്ത മനുഷ്യരോട് ഇങ്ങനെ സംസാരിച്ചാല്‍ അവര്‍ തിരിച്ചും പ്രതികരിക്കും. അതങ്ങ് ക്യൂബയില്‍ മാത്രമല്ല, കേരളത്തിലും. കച്ചവടക്കാര്‍ രോഷം പ്രകടിപ്പിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ഫിനാന്‍സ് കമ്പനികളുടെ നടപടി പേടിച്ച് ആത്മഹത്യ ചെയ്തവരുണ്ട്. അവസാന തരി പൊന്നുംതാലിമാല പോലും തിരിച്ചെടുക്കാന്‍ നിവൃത്തിയില്ലാതെ ലേലം ചെയ്യാന്‍ വിട്ടു കൊടുക്കേണ്ടി വരുന്ന നിസഹായരുടെ നിരാശയില്‍ നിന്നുമാണ് ഇത്തരം തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അവര്‍ക്കുവേണ്ടി യാതൊന്നും ചെയ്യാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഇങ്ങനെ ഗുണ്ടാ മോഡലില്‍ പ്രതികരണങ്ങള്‍ കൂടി ഒരു മുഖ്യമന്ത്രിയില്‍ നിന്നുണ്ടാവുന്നത് ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന തരത്തിലുള്ളതാണ്,'' സുധാകരന്‍ പറഞ്ഞു.

സ്വന്തം കീശയില്‍നിന്നു വാടക കൊടുത്ത്, സര്‍ക്കാരിന് നികുതിയും നല്‍കി കച്ചവടം ചെയ്യാനുള്ള അവകാശത്തിന് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭീഷണി കേള്‍ക്കേണ്ട ഗതികേടിനു വ്യാപാരികളെ വിട്ടുനല്‍കില്ല. വ്യാപാരികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതോടൊപ്പം തുറക്കുന്ന സ്ഥാപനങ്ങള്‍ക്കു കഴിയാവുന്ന രീതിയില്‍ കോണ്‍ഗ്രസ് സംരക്ഷണം ഒരുക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

Advertisment

Also Read: ‘നേരിടേണ്ട രീതിയിൽ നേരിടും’; കട തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികൾക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിക്ക് ഒട്ടും യോജിച്ചതല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിക്കണം.

ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്. കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്ധസമിതികളുടെ നിര്‍ദേശം സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നമുഖ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ വ്യാപാരികളോടും ജനങ്ങളോടുമുള്ള ധിക്കാരം നിറഞ്ഞ വെല്ലുവിളിയാണെന്നും അത് കേരളത്തില്‍ വിലപ്പോകില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു.

''തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ മോറട്ടോറിയവുമില്ല, സഹായങ്ങളുമില്ല. മനുഷ്യന്‍ കടക്കെണിയില്‍ പെട്ട് ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ ആശ്വസിപ്പിക്കേണ്ട ഭരണകൂടം വിരട്ടാന്‍ നോക്കുന്നോ? ഇത് കേരളമാണ്. മറക്കണ്ട,'' എന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

അതേസമയം, നാളെ കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അറിയിച്ചു. ഇതിലും വലിയ ഭീഷണി മുമ്പും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കും. ജീവിക്കാനാണ് കടകള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നതെന്നും സര്‍ക്കാരുമായി യുദ്ധപ്രഖ്യാപനം നടത്താനല്ലെന്നും നസറുദ്ദീന്‍ പറഞ്ഞു.

Covid19 Lockdown Pinarayi Vijayan K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: