scorecardresearch

Latest News

‘കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി അല്ല’ ഡോ. ഷാഹിദ് ജമീൽ

പൊതുജനാരോഗ്യ സംവിധാനങ്ങളെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കാന്‍ തയ്യാറാവണമെന്ന് ഡോ. ഷാഹിദ് ജമീൽ അഭിപ്രായപ്പെട്ടു.

covid, shahid jameel, kssp
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഡോ. ഷാഹിദ് ജമീൽ ഉദ്ഘാടനം ചെയ്യുന്നു

കോവിഡ് ലോകത്തെ അവസാനത്തെ മഹാമാരി അല്ലെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഡോ. ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു. പുതിയ മഹാമാരികളെ പ്രതിരോധിക്കാന്‍ പൊതുജനാരോഗ്യരംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തണമെന്നും അശോക സര്‍വകലാശാലയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോ സയന്‍സസിന്റെ ഡയറക്ടറും കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ ജീനോം സ്വീക്വന്‍സിങ് ഗ്രൂപ്പിന്റെ മേധാവിയുമായിരുന്ന അദ്ദേഹം പറഞ്ഞു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 58 ആം സംസ്ഥാന സമ്മേളനം ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.

2019-ല്‍ ചൈനയിലെ വുഹാനില്‍ ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെ 18 കോടി ജനങ്ങളെ രോഗബാധിതരാക്കുകയും 39 ലക്ഷം മരണത്തിന് കാരണമാകുകയും ചെയ്ത കോവിഡ്-19 ഇന്ത്യയില്‍ മൂന്ന് കോടി ആള്‍ക്കാരെ ബാധിക്കുകയും നാല് ലക്ഷം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു.

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ ലോകത്തിന് കഴിഞ്ഞത് ആധുനിക ശാസ്ത്രത്തിന്റെ രീതികള്‍ ഫലപ്രദമായി ഉപയോഗിച്ചതുകൊണ്ടാണ് എന്നദ്ദേഹം പറഞ്ഞു. രോഗം കണ്ടെത്താനും ചികിത്സിക്കാനും രോഗത്തിന്റെ വ്യാപ്തി പ്രവചിക്കാനും പ്രതിരോധിക്കാനുമൊക്കെയുള്ള തന്ത്രം ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ്.

ഇത്ര ചുരുങ്ങിയ സമയം കൊണ്ട് രോഗത്തിനെ പ്രതിരോധിക്കാന്‍ കഴിയുന്ന വാക്‌സിന്‍ കണ്ടെത്തിയത് മഹാമാരികളുടെ ചരിത്രത്തിലെ തന്നെ അവിസ്മരണീയമായ സംഭവമാണ് . നൂറിലേറെ വാക്‌സിനുകളാണ് ഒരു വര്‍ഷത്തിനുള്ളില്‍ തയ്യാറായി വരുന്നത്.

വാക്‌സിനേഷന്‍ മരണനിരക്ക് കുറക്കുന്നു എന്നാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. കാലാവസ്ഥ മാറ്റവും വന നശീകരണവുമാണ് മഹാമാരികളുടെ പ്രധാന കാരണം എന്ന് പൊതുവില്‍ അംഗീകരിക്കപ്പെടുന്നുണ്ട്. മാത്രമല്ല ഇവയില്‍ കൂടുതലും ജന്തുജന്യരോഗങ്ങളുമാണ്. ചൈനയും ഇന്ത്യയും അടങ്ങുന്ന ദക്ഷിണേഷ്യന്‍ മേഖലയാണ് ഇതിന്റെ പ്രധാന ഹോട്‌സ്‌പോട്ടുകള്‍. പുതിയ ഇനം വൈറസുകളുടെ ആവിര്‍ഭാവത്തെക്കുറിച്ച് പഠിക്കാന്‍ ഗ്ലോബല്‍ വൈറോം പ്രൊജക്റ്റ് തുടങ്ങിയിട്ടുണ്ട്. ലോകരാജ്യങ്ങള്‍ ഒരുമിച്ചാണ് ഈ ഗവേഷണ പദ്ധതിയില്‍ പങ്കടുക്കുന്നത്.

ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ സംവിധാനങ്ങളെ പുതിയ രീതിയില്‍ പുനഃസംഘടിപ്പിക്കാന്‍ നാം തയ്യാറാവണം. നിലനില്‍ക്കുന്ന പൊതുജനാരോഗ്യ സംവിധാനത്തിലും ഗവേഷണത്തിലും കൂടുതല്‍ നിക്ഷേപമുണ്ടാവണം. ഏകാരോഗ്യം ഏക ലോകം എന്ന സങ്കൽപ്പം ആയിരിക്കണം ഇനി ലോകത്തെ മുന്നോട്ട് നയിക്കേണ്ടത്.

എല്ലാക്കാലത്തും സമൂഹത്തിലെ ഏറ്റവും ദരിദ്രരെയും ദുര്‍ബലരെയും അധസ്ഥിതരെയുമാണ് മഹാമാരികള്‍ ഏറ്റവും ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യമുണ്ടായ സ്പാനിഷ് ഫ്‌ളൂവിലും അതാണ് സംഭവിച്ചത്. .

കോവിഡ് അമേരിക്കയെ ബാധിച്ച രീതി നോക്കിയാലും അത് തന്നെയാണ് കാണുന്നത്. കറുത്ത അമേരിക്കക്കാരെയാണ് കോവിഡ് കൂടുതല്‍ ഗുരുതരമായി ബാധിച്ചത്.

ഇന്ത്യയിലെ രണ്ടാം തരംഗത്തിന് പ്രധാന കാരണം ഭരണകൂടത്തിന്റെ അലംഭാവമാണ്. തിരഞ്ഞെടുപ്പുകള്‍ കുംഭമേള എന്നിവ അനുവദിച്ചതോടുകൂടി രോഗം അനിയന്ത്രിതമായി പടര്‍ന്നു.

വസ്തുതകളെയും ശാസ്ത്രത്തേയും അടിസ്ഥാനമാക്കിയാകണം കോവിഡ് നിയന്ത്രണം സാധ്യമാക്കേണ്ടത് എന്ന് ഡോ ഷാഹിദ് ജമീല്‍ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തിന്റെ രീതികളില്‍ നിന്നും മാറിനില്‍ക്കാന്‍ ചില ലോക രാജ്യങ്ങള്‍ കാട്ടുന്ന പ്രവണതയില്‍ അദ്ദേഹം ഉത്ക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു.

പരിഷത്ത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരന്‍ അധ്യക്ഷനായിരുന്നു. ഡോ. സി. രോഹിണി, ഡോ. ടി.എസ്. അനീഷ് ,കോട്ടക്കല്‍ മുരളി, ജനറല്‍ സെക്രട്ടറി കെ. രാധന്‍,കെ.എസ്. നാരായണന്‍കുട്ടി എന്നിവർ സംസാരിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Covid will not be the last pandemic shahid jameel kssp annual meet528472