തിരുവനന്തപുരം: സംസ്ഥാനത്തെ 45 വയസിന് മുകളില്‍ പ്രായമുള്ളവർക്കുള്ള കോവിഡ് വാക്‌സിന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ്. കോവിൻ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തോ 45 വയസിനു മുകളിലുള്ളവർക്ക് വാക്‌സിന്‍ സ്വീകരിക്കാം. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നത്.

45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ 45 ദിവസം കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി വരും ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവകുപ്പ് പത്രക്കുറിപ്പിൽ പറഞ്ഞു. നിലവിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാണ്.

Read Also: രണ്ട് മാസത്തിനകം കോവിഡ് വാക്സിനേഷന്റെ ഗുണഫലം ഉണ്ടാകും: കെ.കെ.ശൈലജ

കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.  9,51,500 ഡോസ് വാക്‌സിനുകള്‍ കൂടിയാണ് എത്തുക. തിരുവനന്തപുരത്ത് ഇന്ന് 4,40,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് നാളെ 5,11,000 ഡോസ് വാക്‌സിനുകളും എത്തുമെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. തൊട്ടടുത്ത ദിവസം കോഴിക്കോടും വാക്‌സിനുകള്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ടെന്ന്‍ ആരോഗ്യവകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 35 ലക്ഷത്തിലധികം പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇവരിൽ 4,84,411 ആരോഗ്യ പ്രവര്‍ത്തകർ ആദ്യഡോസ് വാക്‌സിനും 3,15,226 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. കോവിഡ് മുന്നണി പോരാളികളിൽ 1,09,670 പേര്‍ക്ക് ആദ്യ ഡോസും 69230 പേര്‍ക്ക് രണ്ടാം ഡോസും ഇതുവരെ നൽകി. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേര്‍ക്ക് ആദ്യ ഡോസും 12,123 പേര്‍ക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ട്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗങ്ങളുള്ളവർ 21,88,287 പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.