തിരുവനന്തപുരം: കരുതല്‍ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ജനുവരി 10 (നാളെ) മുതൽ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ് ഒമ്പത് മാസം കഴിഞ്ഞവര്‍ക്കാണ് കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുക.
സംസ്ഥാനത്ത് കരുതല്‍ ഡോസിനായുള്ള ബുക്കിങ് ഇന്ന് ആരംഭിക്കും. നേരിട്ടും ഓണ്‍ലൈന്‍ ബുക്കിങ് വഴിയും കരുതല്‍ ഡോസ് വാക്‌സിനേടുക്കാം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് വരുന്നതായിരിക്കും നല്ലതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ കരുതൽ ഡോസിന് യോഗ്യരായ എല്ലാവരും അവരവരുടെ ഊഴമനുസരിച്ച് കരുതല്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യര്‍ത്ഥിച്ചു.
Also Read: കരുതല്‍ ഡോസ് വാക്സിൻ ആർക്കൊക്കെ?; എങ്ങനെ ബുക്ക് ചെയ്യാം?
കരുതല്‍ ഡോസ് വാക്‌സിനേഷനായി വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. നേരത്തെ രണ്ട് ഡോസ് വാക്‌സിനെടുത്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കോവിൻ പോർട്ടലിൽ ലോഗിന്‍ ചെയ്ത് കരുതൽ ഡോസിനായി ബുക്കിങ് ചെയ്യാൻ കഴിയുന്നതാണ്. നേരത്തെയെടുത്ത അതേ വാക്സിനാണ് മൂന്നാം ഡോസായും നൽകുകയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
ഡിസംബർ 25 നാണ് ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്ക് ജനുവരി 10 മുതൽ മൂന്നാം ഡോസ് നൽകി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. 15-18 വയസ്സുകാർക്കുള്ള വാക്സിൻ ജനുവരി മൂന്നു മുതൽ തുടങ്ങിയിരുന്നു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് വാക്സിനേഷന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത്.