തിരുവനന്തപുരം: തിരുവനന്തപുരത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കോവിഷീൽഡ് വാക്സിൻ നൽകിയ സംഭവത്തിൽ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ഗ്രേഡ് രണ്ട് ജീവനക്കാരിയെയാണ് സസ്പെൻഡ് ചെയ്തത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷിച്ച് കർശന നടപടിയെടുക്കാൻ ഡിഎംഒയോട് ആവശ്യപ്പെട്ടിരുന്നതായി മന്ത്രി അറിയിച്ചിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഷൻ എന്ന് മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് ഡിഎംഒ കൈമാറിയിട്ടുണ്ട്.
രണ്ട് കുട്ടികൾക്കാണ് വാക്സിൻ മാറി നൽകിയത്. 15 വയസിൽ നൽകേണ്ട വാക്സിന് പകരം കോവിഡ് വാക്സിനായ കോവിഷീൽഡ് നൽകുകയായിരുന്നു. കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.