ഓഗസ്റ്റിൽ നൽകിയത് 88 ലക്ഷം ഡോസ്; സെപ്റ്റംബറിൽ ആദ്യ ഡോസ് 100 ശതമാനമെത്തിക്കും: മന്ത്രി

സെപ്റ്റംബര്‍ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലെന്ന് ആരോഗ്യ വകുപ്പ്

covid, covid vaccine, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്റ്റ് ഒന്നു മുതല്‍ 31 വരെ 88,23,524 ഡോസ് വാക്‌സിൻ നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. അതിൽ 70,89,202 പേര്‍ക്ക് ഒന്നാം ഡോസും 17,34,322 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി അറിയിച്ചു.

ആഗസ്റ്റ് 13, 14 എന്നീ ദിവസങ്ങളിൽ അഞ്ച് ലക്ഷം വീതം പേര്‍ക്കും ആറ് ദിവസം നാല് ലക്ഷം വീതം പേര്‍ക്കും (12, 23, 25, 27, 30, 31) വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. അഞ്ച് ദിവസം മൂന്ന് ലക്ഷം വീതം പേര്‍ക്കും (2, 15, 16, 17, 24) ഒമ്പത് ദിവസം രണ്ട് ലക്ഷം പേര്‍ക്കും (3, 6, 7, 9, 11, 18, 19, 26, 29), അഞ്ച് ദിവസം ഒരുലക്ഷം പേര്‍ക്കും (1, 4, 5, 20, 28) വാക്‌സിന്‍ നല്‍കിയിട്ടുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

ഈ മാസത്തില്‍ അവധി ദിനങ്ങള്‍ കൂടുതലുണ്ടായിരുന്നെങ്കിലും ഈ ലക്ഷ്യം കൈവരിക്കാനായത് ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ കൂട്ടായ്മയിലാണെന്ന് മന്ത്രി പറഞ്ഞു. ലക്ഷ്യം കൈവരിക്കാന്‍ പ്രയത്‌നിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

Read More: പണം മുടക്കി വാക്സിൻ എടുക്കുന്നവർക്ക് 84 ദിവസത്തെ ഇടവേള ഒഴിവാക്കികൂടെയെന്ന് ഹൈക്കോടതി

“സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് കേന്ദ്രം കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചിരുന്നു. 58,99,580 ഡോസ് കോവീഷീല്‍ഡും 11,36,360 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ 70,35,940 ഡോസ് വാക്‌സിനാണ് കേന്ദ്രം അനുവദിച്ചത്,” വാർത്താക്കുറിപ്പിൽ പറയുന്നു.

“ഇതുകൂടാതെ സി.എസ്.ആര്‍. ഫണ്ടുപയോഗിച്ച് വാങ്ങി കെ.എം.എസ്.സി.എല്‍. മുഖേന 2.5 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും ലഭ്യമായി. ഇതോടെ ഈ മാസം മാത്രം സംസ്ഥാനത്തിന് 72,85,940 ഡോസ് വാക്‌സിനാണ് ലഭ്യമായത്. ഇതിന് പുറമേ കെ.എം.എസ്.സി.എല്‍. മുഖേന 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനം വാങ്ങിയിട്ടുണ്ട്.”

“മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഈ മാസം ഒമ്പതിനാണ് സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. വാക്‌സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് വാക്‌സിന്‍ യജ്ഞം സംഘടിപ്പിച്ചത്. ഘട്ടം ഘട്ടമായിട്ടായിരുന്നു വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കിയത്.”

“എല്ലാ 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് യജ്ഞത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി. അധ്യാപകര്‍, അനുബന്ധ രോഗമുള്ളവര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്‌സിന്‍ നല്‍കി വരുന്നു,” വാർത്താക്കുറിപ്പിൽ പറയുന്നു.

Read More: സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇനിമുതൽ ആർടിപിസിആർ പരിശോധന മാത്രം

“അധ്യാപകരുടെ വാക്‌സിനേഷന്‍ അധ്യാപക ദിനമായ സെപ്റ്റംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കുന്നതാണ്. സെപ്റ്റംബര്‍ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ്.” വാർത്താക്കുറിപ്പിൽ പറയുന്നു.

വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 4,41,111 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,90,51,913 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 2,12,55,618 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 77,96,295 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid vaccination kerala health minister office statement

Next Story
സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇനിമുതൽ ആർടിപിസിആർ പരിശോധന മാത്രംcovid, covid-19, corona, covid test, test, rapid test, swab, sample, covid sample, covid centre, covid treatment, firstline treatment, screening, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com