തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്കുള്ള പരമാവധി നിരക്കുകൾ സർക്കാർ നിശ്ചയിച്ചു. സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികൾ അമിത തുക ഈടാക്കുന്നുവെന്ന പരാതി ഉയർന്നുവന്നിരുന്നു. ഇതിനു പിറകേയാണ് നിരക്കുകൾ ക്രമപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.
സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്കിന് കടിഞ്ഞാണിട്ട സർക്കാർ ഉത്തരവ് ഉടൻ നടപ്പാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ നിശ്ചയിച്ച നിരക്കുകൾ ന്യായയുക്തമാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാളുകളിൽ വന്ന ബില്ലുകളുമായി അധികൃതരെ സമീപിച്ചാൽ അതിൽ നടപടി ഉണ്ടാവണമെന്ന് കോടതി വ്യക്തമാക്കി.
സ്വകാര്യ എഫ് എൽടിസികൾ ഇതിൽ ഉൾപ്പെടുമോ എന്നാരാഞ്ഞ കോടതി അങ്ങനെ ഇല്ലെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ടോൾ ഫ്രീ നമ്പർ ഉണ്ടാവണമെന്നും നിർദേശിച്ചു. കോവിഡ് ചികിൽസാ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്.
Read More: കേരളം വില കൊടുത്ത് വാങ്ങിയ മൂന്നര ലക്ഷം കോവിഷീൽഡ് ഡോസ് വാക്സിനെത്തി
മഹാവ്യാധി സമയത്ത് പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉളള വ്യത്യാസമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറെ ബില്ലുകൾ കോടതിക്ക് കിട്ടിയെന്ന് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഒരു ഡോളോയ്ക്ക് 25 രൂപയും കഞ്ഞിക്ക് 1250 രുപയും ഈടാക്കിയതായി കാണുന്നുണ്ടെന്നും കോടതി പറഞ്ഞു.
സർക്കാർ നിശ്ചയിച്ച നിരക്കുകൾ
ജനറൽ വാർഡുകളിൽ എൻഎബിഎച്ച് അംഗീകാരമുള്ള ആശുപത്രികളാണെങ്കിൽ 2910 രൂപയും അംഗീകാരമില്ലാത്ത അശുപത്രികളിൽ 2645 രൂപയുമാണ് പരമാവധി ഈടാക്കാനാവുകയെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.
ഹൈ ഡിപ്പൻഡൻസി വാർഡുകളിൽ എൻഎബിഎച്ച് ആശുപത്രികൾക്ക് 4175 രൂപയും നോൺ എൻഎബിഎച്ച് ആശുപത്രികൾക്ക് 3795 രൂപയും പരമാവധി ഈടാക്കാം.
Read More: വീട്ടിൽ ഒരാൾക്ക് കോവിഡ് വന്നാൽ എന്തു ചെയ്യണം?
എൻഎബിഎച്ച്-8580, നോൺ എൻഎബിഎച്ച്-7800 എന്നിങ്ങനെയാണ് ഐസിയു നിരക്കുകൾ. ഐസിഎയു വെന്റിലേറ്ററുകൾക്ക് 15,180 രൂപ, 13,800 രൂപ എന്നിങ്ങനെയാണ് എൻഎബിഎച്ച്, നോൺ എൻഎബിഎച്ച് ആശുപത്രികളിലെ നിരക്ക്.
എന്നാൽ ഇ സിടി ചെസ്റ്റ് സ്കാൻ, എച്ച്ആർസിടി ചെസ്റ്റ് പോലുള്ള വലിയ രീതിയിലുള്ള പരിശോധനകളുടെ ചിലവ് ഈ തുകയ്ക്ക് പുറത്താണെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. റെംഡിസിവിർ, ടോസിലിസുമാബ് പോലുള്ള വിലയേറിയ മരുന്നുകളുടെ വിലയും ആശുപത്രികൾക്ക് അധികമായി നൽകേണ്ടിവരും. പിപിഇ കിറ്റുകൾക്കും രോഗികൾ അധിക തുക നൽകണം.
അതേസമയം, രജിസ്ട്രേഷൻ നിരക്കുകൾ, ബെഡ് ചാർജുകൾ, നഴ്സിങ്, ബോർഡിങ് നിരക്കുകൾ എന്നിവ സർക്കാർ നിശ്ചയിച്ച തുകയിൽ ഉൾപ്പെടുന്നു. ശസ്ത്രക്രിയ വിദഗ്ധർ, അനസ്തെറ്റിസ്റ്റുകൾ, മെഡിക്കൽ പ്രാക്ടീഷണർ എന്നിങ്ങനെ കൺസൾട്ടന്റ് ചാർജുകളും ഇതിലുൾപ്പെടുന്നു. അനസ്തേഷ്യ, രക്തം സ്വീകരിക്കൽ, ഓക്സിജൻ, മരുന്നുകൾ, പാത്തോളജി, റേഡിയോളജി പരിശോധനകൾ എന്നിവയുടെ തുകയും ഫീസിൽ ഉൾപ്പെടുന്നു.