തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണള്‍ ഏര്‍പ്പെടുത്തിയേക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലായിരിക്കും അന്തിമ തീരുമാനങ്ങള്‍. വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഓണ്‍ലൈനായാണ് പങ്കെടുക്കുന്നത്.
കോളേജുകള്‍ അടച്ചിടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം പരമാവധി കുറയ്ക്കാനുള്ള നടപടികളെടുത്തേക്കും. വിവാഹം, പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം വെട്ടിക്കുറച്ചേക്കും. നിലവില്‍ 50 പേര്‍ക്കാണ് അനുമതിയുള്ളത്.
സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് 37 ശതമാനമായി ഉയര്‍ന്നെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് കടന്നേക്കില്ലെന്നാണ് സൂചന. രാത്രി കര്‍ഫ്യൂവും വാരാന്ത്യ നിയന്ത്രണങ്ങളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. തലസ്ഥാന ജില്ലയില്‍ പരിശോധിക്കുന്ന രണ്ടില്‍ ഒരാള്‍ക്ക് രോഗമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എറണാകുളത്തും കാര്യങ്ങള്‍ സമാനസ്ഥിതിയിലേക്ക് എത്തുകയാണ്. അതിതീവ്ര വ്യാപനത്തിലേക്ക് എത്തിയതോടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചിരുന്നു.
Also Read: കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ അടയ്ക്കണം; സ്‌കൂള്‍ പ്രവർത്തനത്തിന് വിശദമായ മാര്‍ഗരേഖ