തിരുവനന്തപുരം: കോവിഡ് മരണം ഒഴിവാക്കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കേരളം ഇതിനായി ഒറ്റക്കെട്ടായി പോരാടണം. ജനങ്ങൾ കൂട്ടത്തോടെ മരിച്ചോട്ടെ എന്നു കരുതാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടം കൂടുതൽ അപകടകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രോഗികൾ കൂടിയാൽ ഇപ്പോഴുളള ശ്രദ്ധ ചികിത്സയിൽ നൽകാനാവില്ല. സർക്കാരിന്റെ പ്രതിരോധ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളും കേരളത്തിന്റെ മക്കളാണ്. അവർ കേരളത്തിലേക്ക് വരണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. പക്ഷേ എല്ലാവരും കൂടി വന്നാൽ അവർക്കും നമുക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ കേരളത്തിനു പുറത്തുളളവരിൽ അത്യാവശ്യക്കാർ മാത്രമാണ് മടങ്ങി വരേണ്ടതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Read Also: വയനാട്ടിൽ രോഗബാധിതർ കൂടാമെന്ന് മുന്നറിയിപ്പ്; അതീവ ജാഗ്രത

ഇതര സംസ്ഥാനത്തുനിന്നുളളവരും പ്രവാസികളും കേരളത്തിൽ തിരിച്ചെത്തിയതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. ഇന്നലെ മാത്രം 16 പേർക്കാണ് കേരളത്തിൽ രോഗ ബാധ സ്ഥിരീകരിച്ചത്. വയനാട് ജില്ലയിൽ അഞ്ച് പേർക്കും മലപ്പുറം ജില്ലയിൽ നാല് പേർക്കും വൈറസ് സ്ഥിരീകരിച്ചപ്പോൾ ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർക്ക് വീതമാണ് രോഗം. കൊല്ലം, പാലക്കാട്, കാസർഗോഡ് ജില്ലകളിലെ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ വിദേശത്ത് നിന്നെത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ നാല് പേർക്കും മുംബൈയിൽ നിന്നുള്ള രണ്ട് പേർക്കും കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്.

അതേസമയം, മൂന്നാംഘട്ട ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ രാജ്യമൊട്ടാകെയുളള ലോക്ക്ഡൗൺ കൂടുതൽ ഇളവുകളോടെ രണ്ടാഴ്ച കൂടി നീട്ടിയേക്കുമെന്നാണ് സൂചന. പൊതുഗതാഗതം അനുവദിക്കുന്നതോടൊപ്പം റസ്റ്ററന്റുകളും മാളുകളും തുറക്കുന്നതിനും അനുമതി നല്‍കിയേക്കും. ഓട്ടോറിക്ഷകളിലും ടാക്‌സികളിലും രണ്ടുപേര്‍ക്കുമാത്രം യാത്രചെയ്യാനുള്ള അനുമതിയും നൽകാൻ സാധ്യതയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.