അതിതീവ്ര മേഖലകളില്‍ കോവിഡ് പരിശോധന പത്തിരട്ടിയാക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്

covid, ie malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ തദ്ദേശഭരണ പ്രദേശങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും. പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒരാഴ്ചത്തെ ശരാശരി അനുസരിച്ചാണ് പരിശോധന നടത്തുന്നത്.

ഒരാഴ്ചത്തെ ടി.പി.ആര്‍. 30 ശതമാനത്തിന് മുകളിലായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ എണ്ണത്തിന്റെ പത്തിരട്ടി പരിശോധനയാണ് നടത്തുന്നത്. അതായത് തുടര്‍ച്ചയായ മൂന്ന് ദിവസം കൊണ്ട് 300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ 3,000 പരിശോധനയാണ് ദിവസവും നടത്തുക. ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും എണ്ണവും മാറുമെന്ന് മന്ത്രി വ്യക്തമാക്കി.

ഒരാഴ്ചത്തെ ടി.പി.ആര്‍. 20-30 ശതമാനത്തിന് ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തും. ഒരാഴ്ചത്തെ ടി.പി.ആര്‍. രണ്ടിനും 20 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ മൂന്നിരട്ടി പരിശോധന നടത്തും.

ഈ മൂന്ന് വിഭാഗങ്ങള്‍ക്കും ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍., മറ്റ് പരിശോധനകളാണ് നടത്തുന്നത്. ഒരാഴ്ചത്തെ ടി.പി.ആര്‍. രണ്ട് ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ അഞ്ചിരട്ടി പരിശോധന നടത്തണം. ഒരു പൂളില്‍ അഞ്ച് സാമ്പിള്‍ എന്ന നിലയില്‍ ആര്‍.ടി.പി.സി.ആര്‍. പൂള്‍ഡ് പരിശോധനയാണ് നടത്തുക.

മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത്/ വാര്‍ഡ് എന്നിവിടങ്ങളിലെ സ്ഥിതി ജില്ലാ സര്‍വയലന്‍സ് യൂണിറ്റ് വിശകലനം നടത്തുകയും പരിശോധനയ്ക്കുള്ള ടാര്‍ജറ്റ് നിശ്ചയിക്കുകയും ചെയ്യും. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, സ്ഥാപനങ്ങള്‍, പ്രത്യേക പ്രദേശങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കാന്‍ സമീപത്തുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാം. ആവശ്യമെങ്കില്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകളും ഉപയോഗിക്കാം.

Also Read: കേരളം അൺലോക്കായി; ഇളവുകൾ ഇങ്ങനെ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Covid test to be increased in kerala according to tpr

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express