തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ കോവിഡ് പടരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലും വനംവകുപ്പ്, ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രിമാരുടെ ഓഫിസിലുമുള്ള ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും കോവിഡ് ബാധിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.
നിരവധി പേർ പോസിറ്റീവായതിനെത്തുടർന്ന് സെക്രട്ടറിയേറ്റിലെ സെൻട്രൽ ലൈബ്രറിയും അടച്ചു. 23 വരെയാണ് ലൈബ്രറി അടച്ചിരിക്കുന്നത്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും മറ്റു ഓഫിസുകളിലും കോവിഡ് ബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. മന്ത്രിമാരുടെ ഓഫീസിലെ ഏഴിലധികം ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചതയാണ് വിവരം. കോവിഡ് പടരുന്ന സാഹചര്യത്തിൽ സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിർദേശവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കെഎസ്ആർടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാണ്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് ഉൾപ്പടെ ജില്ലയിൽ എൺപതിലധികം ജീവനക്കാർക്ക് കോവിഡ് ബാധിച്ചു. കെഎസ്ആർടിസിയുടെ ഓഫീസിലും രോഗവ്യാപനമുണ്ട്. എറണാകുളം ഡിപ്പോയിൽ മാത്രം 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം.
ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും കോവിഡ് ബാധിച്ചതായി റിപ്പോർട്ടുണ്ട്. എഡിജിപി, എസ് പി ഉൾപ്പെടെയുള്ളവർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. വിവിധ പൊലീസ് സ്റ്റേഷനുകളിലും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; ഗുരുതര രോഗികളുടെ എണ്ണവും കൂടുന്നു