തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ ആശങ്ക ഉയർത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കേസുകളുടെ എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.
കണ്ടെയ്ൻമെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രിൽ 30 വരെ നീട്ടി. അവശ്യസേവനങ്ങൾ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും പ്രത്യേക സംരക്ഷണമൊരുക്കും. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കലക്ടർമാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം ഒരിടവേളയ്ക്ക് ശേഷം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് മുകളിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 19,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read More: സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ്
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. എറണാകുളത്താണ് കൂടുതൽ (977) പേർക്ക് രോഗം പിടിപെട്ടത്.
പ്രതിദിന കേസുകള്‍ പതിനായിരം കവിയുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജാഗ്രതയോടെയുള്ള പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ആരോഗ്യ വകുപ്പ്. പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദർശകർക്ക് നിയന്ത്രണം കൊണ്ടുവന്നേക്കും.
അനാവശ്യ യാത്രകൾ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. നിയന്ത്രണങ്ങളുടെ ലംഘനം, മാസ്ക് ഉപയോഗിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്താൻ പോലീസ് പരിശോധന കർശനമാക്കും.
പരിശോധന വര്‍ധിപ്പിച്ച് രോഗബാധിതരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാനാണ് വകുപ്പിന്റെ ശ്രമം.ക്ഷാമം പരിഹരിച്ച് പരമാവധി പേരിലേക്ക് വാക്സിന് എത്തിക്കാനും നീക്കം നടക്കുന്നു. കേന്ദ്രത്തോട് ആവശ്യപ്പെട്ട വാക്സിന് അഞ്ച് ദിവസത്തിനുള്ളില്‍ ലഭിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.
സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോളിങ് ഏജന്റുമാര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍ തുടങ്ങി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായവരില്‍ പരിശോധന നടത്തുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും കൂടുതല്‍ കോവിഡ് കേസുകള്‍ ഉണ്ടായേക്കും.