തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
എന്തൊക്കെ ഇളവുകളാണ് നല്‍കേണ്ടത് എന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേരുന്ന വിദിഗ്ധരുടെ യോഗത്തിലായിരിക്കും ഇളവുകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കടുപ്പിച്ച് രോഗവ്യാപനം തടയുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം.
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. അതിനാല്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായൊരും ഇളവ് കാണാന്‍ സാധ്യതയില്ല.
Also Read: കോവിഡ് മരണം നിര്‍ണയിക്കാന്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍; റിപ്പോര്‍ട്ട് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം
മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പ്രതിദിന വാക്സിന് വിതരണം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെയായി ഉയര്‍ത്താനാണ് തീരുമാനം. ഓക്സിജന്‍ ക്ഷാമം ഉണ്ടാകാതിരിക്കാന്‍ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയര്‍ത്തും. ആശുപത്രി സൗകര്യങ്ങളും വികസിപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചെര്‍ന്ന യോഗത്തില്‍ തീരുമാനമായി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അക്കാര്യം ഗൗരവമായി പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. നീണ്ടു പോകുന്ന ലോക്ക്ഡൗണിനെതിരെ പൊതുവികാരവും ഉയരുന്നുണ്ട്.