കൊച്ചി: സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ കുറയുകയാണെങ്കിലും കോവിഡ് കര്‍വ് താഴോട്ടു വരാന്‍ ഏഴ്-എട്ട് ദിവസം എടുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍. സംസ്ഥാനത്ത് ആകെ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും നാലു ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങള്‍ വ്യക്തികള്‍ തമ്മിലുള്ള സമ്പര്‍ക്കമുണ്ടാവാനുള്ള സാഹചര്യം കുറച്ചിച്ചിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെ ഗുണം അറിയാന്‍ ഒരാഴ്ച കൂടി എടുക്കും.
ഇപ്പോള്‍ വൈറസ് പ്രവേശിച്ചവരില്‍ ഇന്‍കുബേഷന്‍ കാലയളവ് അഞ്ചുദിവസമാണെങ്കില്‍ അതുകഴിഞ്ഞേ വ്യക്തമായ വിവരം ലഭ്യമാകൂ. അതല്ലൊം തീര്‍ന്ന് ഒരാഴ്ച കഴിയുമ്പോള്‍ ട്രെന്‍ഡ് കണ്ടുതുടങ്ങും. തുടര്‍ന്നുള്ള ഒരാഴ്ച കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നതന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.
എന്നാല്‍ കര്‍വ് പൂര്‍ണമായി നിവരുന്നത്, വൈറസിനു ജനിതകവ്യതിയാനം സംഭവിക്കുമോ ഇല്ലയോ എന്നതിനെ അനുസരിച്ചായിരിക്കും. ജനിതകവ്യതിയാനത്തിന്റെ ഫലമായി വൈറസിന്റെ തീവ്രത കുറയാനും കൂടാനുമുള്ള സാധ്യതകളുണ്ട്. ഈ സാഹചര്യം പ്രവചനാതീതമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
വരുന്ന മൂന്ന് ആഴ്ച സംസ്ഥാനത്തിന് നിര്‍ണായകമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ”മറ്റുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകളില്‍ പെട്ടെന്ന് വര്‍ധനവും കുറവും രേഖപ്പെടുത്തുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പ്രക്രിയ സാവധാനമാണ് നടക്കുന്നത്. വരുന്ന മൂന്ന് ആഴ്ചകള്‍ സംസ്ഥാനത്തിന് നിര്‍ണായകമാണ്,” മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാമത്തെ തരംഗത്തില്‍ മേയ് 12 നാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 43,529 പേര്‍ക്കാണ് അന്ന് രോഗം സ്ഥികരിച്ചത്. ആ ദിവസങ്ങളിലുണ്ടായ രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അത്രയും ദിവസങ്ങള്‍ മുന്‍പ് രോഗബാധിതരായവരില്‍ പലര്‍ക്കും രോഗം ശക്തമാവുകയും ഓക്‌സിജനും വെന്റിലേറ്ററുകളുമൊക്കെ കൂടുതലായി ആവശ്യം വരികയും ചെയ്യുക ഈ ദിവസങ്ങളിലായിരിക്കും. വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയരുമെന്നാണ് വിദഗ്ധരുടെ നിഗമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരമാണെന്നും ഇവിടങ്ങളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരികയാണെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മലപ്പുറത്ത് മാത്രമായി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ചുരുക്കിയിട്ടുണ്ട്. ഇന്നലെ 37.14 ശതമാനമാണ് മലപ്പുറത്തെ ടിപിആര്‍.
Read Also: രണ്ട് ജില്ലകളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു, മലപ്പുറത്ത് തുടരും, തൃശ്ശൂരിൽ ഇന്ന് കൂടി
സംസ്ഥാനത്ത് ഇന്നലെ 29,673 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. 41,032 പേര്‍ രോഗമുക്തി നേടി. വ്യാഴാഴ്ച 30,491 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 44,369 ആയിരുന്നു രോഗമുക്തി നേടിയവരുടെ എണ്ണം. ബുധനാഴ്ച 32,762 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 48,413 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച 31,337 പേര്‍ക്കു രോഗം സ്ഥിരീകരിച്ചപ്പോള്‍ 45,926 ആയരിരുന്നു രോഗമുക്തി നേടിയവര്‍. 19,79,919 പേര്‍ ഇതുവരെ രോഗമുക്തി നേടി. 3,06,346 പേരാണ് രോഗം ഇനി ചികിത്സയിലുള്ളത്.
ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ ഓരോ ദിവസവും മരണസംഖ്യ വര്‍ധിക്കുകയാണ്. ഇന്നലെ 142 മരണമാണ് സ്ഥിരീകരിച്ചത്. ഇന്നലെ 128 പേരുടെയും ബുധനാഴ്ച 112 പേരുടെയും മരണമാണ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച 97 ആയിരുന്നു മരണസംഖ്യ. ആകെ മരണം 6994 ആയി.