കൊച്ചി: കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി. സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്നും ആകെയുള്ളത് മാസ്ക് മാത്രമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് പൊതുവിടങ്ങളിലെ കാഴ്ച ഇതാണെന്നും കടകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുക്കേണ്ട സമയമായെന്നും ജസ്റ്റിസ് ടി.ആർ.രവി പരാമർശിച്ചു.
ആഴ്ചയിൽ ഏഴു ദിവസവും കടകൾ തുറക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് വസ്ത്രവ്യാപാരികൾ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി. ഹർജിയിൽ ഒരാഴ്ചക്കകം നിലപാടറിയിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി.
Read More: സാമൂഹിക അകലം പാലിച്ച് പ്രഭാത സവാരിയാകാം; സ്റ്റേഷനറി കടകൾ തുറക്കരുത്
അതേസമയം, കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങൾക്കിടയാക്കിയത്. കോവിഡ് രോഗബാധ പടർന്നുപിടിച്ച് ആളുകളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥ തടയാൻ നമ്മൾ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോർക്കണമെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാർഗങ്ങൾ അവലംബിക്കുന്നത്. അത് ഉൾക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാവരും തയാറാകണം. വ്യാപാരികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സാധിക്കുന്ന സ്ഥിതിവിശേഷം സംസ്ഥാനം ഇനിയും കൈവരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.