തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ തീരുമാനം. നാളെമുതലാണ് ഇളവുകൾ പ്രാബല്യത്തിൽ വരുന്നത്. സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ നൂറ് ശതമാനം ജീവനക്കാരും നാളെമുതൽ ഹാജരാവണം. ദുരന്ത നിവാരണ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിലാണ് ഇക്കാര്യമുളളത്.
സർക്കാർ ഓഫീസുകൾക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളിലും ഹാജർ നില 100 ശതമാനമായി പുനസ്ഥാപിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സർക്കാർ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും പൂർണതോതിൽ പ്രവർത്തിക്കേണ്ടതെന്നും ദുരന്ത നിവാരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.
Read More: ഗതാഗതനിയമ ലംഘനം: പിഴ ഓണ്‍ലൈനായി, ഇ-ചലാൻ സംവിധാനത്തിനു തുടക്കം
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കുള്ള 14 ദിവസത്തെ നിർബന്ധിത ക്വാറൻ്റൈൻ ഏഴ് ദിവസമാക്കി ചുരുക്കാനും തീരുമാനിച്ചു. ഏഴുദിവസങ്ങള്‍ക്ക് ശേഷം കോവിഡ് 19 പരിശോധന നടത്താം. പരിശോധനയില്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയാല്‍ അടുത്ത ഏഴുദിവസം ക്വാറന്റീനില്‍ കഴിയണമെന്ന് നിർബന്ധമില്ല.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവരും കേരളത്തിൽ നിന്നുള്ളവർ മറ്റ് സംസ്ഥാനങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയാലും ഏഴ് ദിവസത്തെ കർശന ക്വാറന്റൈൻ പൂർത്തിയാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഏഴ് ദിവസം ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ അടുത്ത ഏഴ് ദിവസത്തേക്ക് ക്വാറന്റൈൻ വേണോ വേണ്ടയോ എന്ന് സ്വമേധയാ തിരഞ്ഞെടുക്കാം. എന്നാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയുന്നതാണ് ആരോഗ്യ ചട്ടം പ്രകാരം നല്ലതെന്നും ഉത്തരവിൽ പറയുന്നു.
Read More: തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം, കോവിഡ് ബാധിച്ച് മരിച്ചവരിൽ 32 ശതമാനവും തലസ്ഥാന ജില്ലയിൽ
ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാനും പുതിയ ഉത്തരവ് പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സൽ വാങ്ങുന്നതിന് മാത്രമായിരുന്നു നേരത്തേ അനുമതി ഉണ്ടായിരുന്നത്.