തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളായ പോത്തീസ് മാൾ, രാമചന്ദ്രൻ സൂപ്പർ സ്റ്റോർസ് എന്നിവയുടെ ലെെസൻസ് റദ്ദാക്കി. കോർപ്പറേഷനാണ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് റദ്ദാക്കൽ നടപടിയെന്ന് മേയർ ശ്രീകുമാർ അറിയിച്ചു. രാമചന്ദ്രൻ വ്യാപാരശാലയിലെ 78 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത് നഗരത്തിൽ വലിയ ഭീതി സൃഷ്‌ടിച്ചിരുന്നു.

അട്ടക്കുളങ്ങരയിലാണ് രാമചന്ദ്രൻ സൂപ്പർ സ്റ്റോഴ്‌സ് സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ എംജി റോഡിലാണ് പോത്തീസ് സൂപ്പർ സ്റ്റോഴ്‌സ്. കോവിഡ് ചട്ടം ലംഘിച്ച് ആളുകളെ കൂട്ടത്തോടെ അകത്ത് കയറ്റിയതിനാണ് ഇരുസ്ഥാപനങ്ങൾക്കുമെതിരെ കോർപ്പറേഷൻ കടുത്ത നടപടി സ്വീകരിച്ചത്.

Read Also: “നരേന്ദ്ര മോദിയുടേത് വ്യാജശക്തിമാന്‍ പ്രതിച്ഛായ; ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യം”: രാഹുല്‍ ഗാന്ധി

തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമാണ്. സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ആശുപത്രിയിലെത്തുന്നവർ ജാഗ്രത പുലർത്തണം. രോഗികൾക്കൊപ്പം കൂടുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. സന്ദർശകർക്കും വിലക്കുണ്ട്.

കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിനെ തുടർന്ന് കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ചന്തയിൽ പ്രവേശിച്ച നാല് തൊഴിലാളികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പച്ചക്കറി മാര്‍ക്കറ്റിലെ ഒരു ഡ്രൈവര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ചന്ത അടച്ചിരുന്നു. തിങ്കളാഴ്‌ച രാവിലെ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കിടങ്ങൂരിലെ കടയിലേക്ക് പച്ചക്കറി കൊണ്ട് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. മാര്‍ക്കറ്റില്‍ എത്തിയ 28 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കി. എന്നാല്‍ ഇവിടെ തൊഴിലാളികള്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇവർക്കെതിരെയാണ് കേസെടുത്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.