കൊച്ചി: കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചു സമരം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള സമരങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നു ഹൈക്കോടതി വ്യക്തമാക്കി.

കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചുള്ള പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയഹൈക്കോടതി ഉത്തരവ്  വകവയ്ക്കാതെ രാഷ്ടീയ പാർട്ടികൾ സമരം തുടരുകയാണന്ന് സർക്കാർ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ വാക്കാൽ പരാമർശം. കോടതി ഉത്തരവ് നടപ്പാക്കാൻ രണ്ടു മാസമായി സ്വീകരിച്ച നടപടികൾ അറിയിക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സർക്കാരിന് നിർദേശം നൽകി.  കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്‌മൂലമാണ് കോടതി പരിഗണിച്ചത്.

Read Also: Kerala Weather: സംസ്ഥാനത്ത് മഴ ശക്തിപ്പെടും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്. സ്വർണക്കടത്ത് കേസിൽ കോൺഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ് പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു.

രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

കേസിൽ എതിർകക്ഷികളായ രാഷ്ട്രീയ പാർട്ടികൾക്ക് കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. ഇതിൽ യുഡിഎഫിന് വേണ്ടി അഭിഭാഷകൻ ഇന്ന് ഹാജരായി. മറ്റ് പാർട്ടികൾക്കു വേണ്ടി ഇതുവരെ ആരും ഹാജരായിട്ടില്ല.

Read Also: സർക്കാരിനെ അട്ടിമറിക്കാൻ നീക്കം, പ്രതിപക്ഷ സമരങ്ങൾക്ക് ജനപിന്തുണയില്ല: കോടിയേരി

എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും എൻഐഎയും ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളിൽ വ്യാപക പ്രതിഷേധം നടന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയായിരുന്നു മിക്ക പ്രതിഷേധ സമരങ്ങളും നടന്നത്.

പ്രതിപക്ഷ സമരങ്ങൾക്കെതിരെ ആരോഗ്യമന്ത്രി കെ.കെ.ശെെലജയം രംഗത്തെത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാണ് പ്രതിപക്ഷ സമരങ്ങൾ നടക്കുന്നതെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. ഏഴ് മാസത്തെ പ്രവർത്തനത്തിന്റെ ഫലം അപകടത്തിൽ ആക്കരുതെന്നും ആളുകളെ കൂട്ടത്തോടെ മരണത്തിന് വിട്ടു കൊടുക്കരുതെന്നും ആരോഗ്യമന്ത്രി താക്കീത് നല്‍കി.

സമരക്കാരെ പറഞ്ഞ് മനസിലാക്കണം. കേരളത്തിലെ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചിട്ടുണ്ട്. കേരളത്തിൽ വൈറസിന് വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തലെന്നും ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.