കൊച്ചി: ദുരന്തങ്ങള്‍ അഴിമതിക്കു മറയാക്കരുതെന്നു ഹൈക്കോടതി. കോവിഡ് കാലത്ത് പി പി ഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ലോകായുക്ത ഇടപെടലിനെതിരായ ഹര്‍ജി പരിഗണിക്കവെയാണു കോടതി നിരീ
ക്ഷണം.
ലോകായുക്തയ്ക്ക് പരാതി പരിഗണിക്കാന്‍ അധികാരമുണ്ടെന്നു പറഞ്ഞ കോടതി, അന്വേഷണത്തില്‍ ആശങ്ക എന്തിനാണെന്നും ചോദിച്ചു. ലോകായുക്ത അന്വേഷണത്തിനെതിരെ ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണു പരിഗണിച്ചത്
കോവിഡ് കാലത്ത് ഉയര്‍ന്നവിലയ്ക്കു വന്‍തോതില്‍ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ച് തിരുവനന്തുരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക വീണ എസ് നായരാണു പരാതി നല്‍കിയത്. തുടര്‍ന്ന് അന്നത്തെ ആരോഗ്യ മന്തി കെ കെ ശൈലജ, അന്നത്തെ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ് ആര്‍ ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കു ലോകായുക്ത നോട്ടിസ് അയച്ചിരുന്നു.
ഐ എ എസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടിസ് അയച്ച് പ്രാഥമിക വാദവും അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലില്‍ സ്വീകരിച്ചത്. ശൈലജ ഈ മാസം എട്ടിനു് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ലോകായുക്തയ്ക്കു മുന്‍പാകെ ഹാജരാവണം.
പിപിഇ കിറ്റുകള്‍ക്കു പുറമേ സര്‍ജിക്കല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു. ചട്ടങ്ങള്‍ പാലിക്കാതെ മരുന്നുകളും ഉപകരണങ്ങളും വാങ്ങിയതിലൂടെ ഖജനാവിനു വലിയ നഷ്ടമുണ്ടായി. മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നതെന്നും പരാതിയില്‍ പറയുന്നു.
വിപണി നിരക്കിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളില്‍നിന്നു പി പി ഇ കിറ്റുകള്‍ വാങ്ങിയത്. സാധാരണഗതിയില്‍ സാധനങ്ങള്‍ വിതരണം ചെയ്ത ശേഷമാണു പണം അനുവദിക്കുക. കിറ്റുകള്‍ വിതരണം ചെയ്യുന്നതിനു മുന്‍പു തന്നെ കമ്പനിക്ക് ഒന്‍പതു കോടി രൂപ അനുവദിച്ചതായും പരാതിയില്‍ചൂണ്ടിക്കാട്ടി.
എന്നാല്‍, ദുരന്തകാലത്ത്അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം അധികാരമുണ്ടെന്നാണു സര്‍ക്കാര്‍ വാദം.