തിരുവനന്തപുരം: കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. നിലവിൽ 30,939 പേരാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,344 സാംപിളുകളാണ് പരിശോധിച്ചത്. ഇതിൽ 2,035 പേർക്ക് കോവിഡ് പോസിറ്റീവ് ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.49 ശതമാനമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിൽ കുറവായി നിർത്താനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,813 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,49,361 പേര്‍ വീട്/ഇന്‍സ്റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 4452 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 471 പേരെയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആകെ 351 ഹോട്ട്‌സ്‌പോട്ടുകളാണ് ഇപ്പോൾ ഉള്ളത്.
Read Also: സുരേന്ദ്രൻ മത്സരിക്കും; ബിജെപി സ്ഥാനാർഥി പട്ടിക ഇന്ന്
രോഗവ്യാപനം ഉയരാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിക്കുന്നത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങേണ്ടതെന്നും ആരോഗ്യവകുപ്പ് ആവർത്തിക്കുന്നു.
കേരളത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞുനിൽക്കുന്നത് കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രശംസിക്കുകയും ചെയ്തു.