തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ഒരാൾകൂടി ആത്മഹത്യ ചെയ്തു. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് നിരീക്ഷണത്തിൽ കഴിയവെ തൂങ്ങിമരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇന്ന് നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണ് മുരുകേശന്‍റേത്. മാനസിക സംഘര്‍ഷങ്ങളാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിന്നും അധികൃതരുടെ അനുവാദമില്ലാതെ പുറത്തു പോയ ശേഷം തിരികെയെത്തിച്ച രോഗി നേരത്തെ ആശുപത്രിയിൽ തൂങ്ങി മരിച്ചിരുന്നു. ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോവിഡ് മുക്തനായ ഇയാളെ ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് സംഭവം.

അതേസമയം ഐസൊലേഷൻ വാർഡിൽ രോഗി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടും മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

Also Read: മുൻ രഞ്ജി താരം ജയമോഹൻ തമ്പിയെ കൊലപ്പെടുത്തിയത് മകനെന്ന് പൊലീസ്

ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുൾപ്പെടെയുള്ള രോഗങ്ങൾക്ക് ഇയാൾ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിച്ച ശേഷം ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ സാന്ത്വനിപ്പിക്കുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്യുന്നതിനു മുമ്പായി ആഹാരവും നൽകി. വീട്ടിൽ പോയ ശേഷം കഴിക്കാനുള്ള മരുന്നുകൾ കുറിച്ചു നൽകാനായി നഴ്സ് മുറിയിലെത്തിയപ്പോഴാണ് ഇയാളെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.

സുരക്ഷാ ജീവനക്കാർ ഇയാളെ രക്ഷപ്പെടുത്തി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Also Read: നിതിന്റെ മൃതദേഹം വീട്ടിലെത്തിച്ചു, വിട നൽകാനൊരുങ്ങി ജന്മനാട്

ചൊവ്വാഴ്​ച വാർഡിൽനിന്ന്​ രക്ഷപ്പെട്ട ഇയാള്‍ മെഡിക്കല്‍ കോളെജില്‍ നിന്നും ഓട്ടോയില്‍ തമ്പാനൂരെത്തിയശേഷം അരമണിക്കൂര്‍ അവിടെ കാത്ത് നിന്ന് ബസ് കയറിയാണ് നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ചു. ആനാട് ബസിറങ്ങിയപ്പോള്‍ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.