തിരുവനന്തപുരം: തിരുവനന്തപുരം: അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉയര്‍ന്ന റിസ്ക് രാജ്യങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് പരിശോധനകള്‍ നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈനും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ 2 ശതമാനം പേരെ പരിശോധിക്കുന്നതാണ്. അവരില്‍ നെഗറ്റീവാകുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. പോസീറ്റീവായാല്‍ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയ വാര്‍ഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനം മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, ജില്ലാ ഭരണകൂടം എന്നിവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കും. വാക്സിന് എടുക്കുകയെന്നതാണ് പ്രധാന പ്രതിരോധം. അതുപോലെ അടിസ്ഥാന സുരക്ഷാ മാര്‍ഗങ്ങളും പിന്തുടരണമെന്നും മന്ത്രി പറഞ്ഞു.
റിസ്ക് രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്ത് വന്നവരുടെ ജനിതക ശ്രേണീകരണ പരിശോധനയില്‍ ഇതുവരെ ഒമിക്രോണ്‍ കണ്ടെത്തിയിട്ടില്ല. വിമാനത്താവളങ്ങളില്‍ സജ്ജമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം യാത്രക്കാര്‍ക്ക് എല്ലാ സഹായവും നല്‍കും.
ഡെല്‍റ്റ വകഭേദത്തേക്കാള്‍ വളരെ വലിയ വ്യാപന ശേഷിയുള്ളതിനായതിനാല്‍ ഒമിക്രോണ്‍ ബാധിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വന്നേക്കും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ നമുക്ക് കരുതലുണ്ടാകണം. സംസ്ഥാനം എല്ലായിപ്പോഴും രോഗവ്യാപനം അതിവേഗത്തില്‍ കൂടുന്നത് തടയാനാണ് ശ്രമിച്ചത്.
വാക്സിനേഷന് പ്രതിരോധം നല്‍കുമെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്ത് 96.3 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിനും 65.8 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം ശരിയായ രീതിയില്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശുചിയാക്കുക എന്നിവ കുറേക്കൂടി ശക്തമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.
രാജ്യത്ത് ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഭീഷണി നേരിടാൻ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. 26 രാജ്യങ്ങൾ ഹൈ റിസ്ക് പട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
ഹൈ റിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്ന് വന്നവരുടെ എണ്ണം ശേഖരിക്കുകയാണ്. ഇവരിൽ നിരീക്ഷണം കർശനമാക്കും. മറ്റു രാജ്യങ്ങളിൽനിന്ന് വന്നവർക്ക് ഹോം ക്വാറന്റീനിൽ തുടരാം. എന്നാൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം.
അതിതീവ്ര വ്യാപനശേഷിയുള്ള വൈറസ് വകഭേദമായ ഒമിക്രോൺ വാക്സിനേഷനും അതിജീവിച്ച് പടരുമോയെന്നത് ആശങ്ക തന്നെയാണ്. രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥിതിക്ക്, വാക്സിനെടുക്കാൻ ബാക്കിയുള്ളവർ ഉടൻ സ്വീകരിക്കണം.
Also Read: Omicron| ഇന്ത്യയിലും ഒമിക്രോൺ; കർണാടകയിൽ രണ്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു
ഒമിക്രോൺ സാഹചര്യത്തിൽ സംസ്ഥാനത്ത് ആശുപത്രി കേസുകൾ കൂടാനുള്ള സാധ്യത മുൻകൂട്ടി കാണുന്നുണ്ട്. ക്വാറന്റീൻ ഉറപ്പാക്കാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കും. പരിശോധനകൾ പരമാവധി കൂട്ടും. ക്വാറന്റീൻ, യാത്രാ മാർഗനിർദേശങ്ങളടക്കം എല്ലാം കേന്ദ്രസർക്കാർ പറയുന്നതനുസരിച്ചായിരിക്കും നടപ്പാക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഒമിക്രോണ്‍ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി വീണാ ജോര്‍ജ് നേരത്തെ പ്രസ്താവനയിൽ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ പതിനഞ്ച് വരെയാണ് പ്രത്യേക വാക്സിനേഷന് യജ്ഞം സംഘടിപ്പിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സഹകരണത്തോടെ രണ്ടാം ഡോസ് വാക്സിനേഷന് പൂര്‍ത്തീകരിക്കാന്‍ ബാക്കിയുള്ളവരെ കണ്ടെത്തി വാക്സിന് നല്‍കുകയാണ് ലക്ഷ്യം. ഇതോടൊപ്പം ഒന്നാം ഡോസ് എടുക്കാനുള്ളവരേയും കണ്ടെത്തി വാക്സിനെടുപ്പിക്കുകയും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
Also Read: ഒമിക്രോണ്‍: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം
കോവിഡ് ബാധിച്ചവര്‍ക്ക് മൂന്നു മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. രണ്ടാം ഡോസ് വാക്സിന് എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന് 84 ദിവസം കഴിഞ്ഞും കോവാക്സിന് 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. നിശ്ചിത ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സിന് എടുക്കാത്തവരെ കണ്ടെത്തി ഫീല്‍ഡ് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ വീട്ടിലെത്തി വാക്സിനെടുക്കാനായി അവബോധം നല്‍കും.
വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെ വാക്സിനേഷന് കേന്ദ്രങ്ങളില്‍ തിരക്ക് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള നാല് ദിവസങ്ങളില്‍ ഒന്നും രണ്ടും ഡോസും ഉള്‍പ്പെടെ 4.4 ലക്ഷം പേര് വാക്സിനെടുത്തപ്പോള്‍ ശനിയാഴ്ച മുതലുള്ള നാല് ദിവസങ്ങളില്‍ 6.25 ലക്ഷം പേര് വാക്സിനെടുത്തിട്ടുണ്ട്. ആദ്യ ഡോസ് വാക്സിനേഷന് 36,428 പേരില്‍ നിന്നും 57,991 ആയും രണ്ടാം ഡോസ് 4.03 ലക്ഷം ഡോസില്‍ നിന്നും 5.67 ലക്ഷം ഡോസായും വര്‍ധിച്ചിട്ടുണ്ട്.
Also Read: ആശങ്ക ഉയർത്തി ഒമിക്രോൺ; പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 96.3 ശതമാനം പേര്‍ക്ക് (2,57,04,744) ആദ്യ ഡോസ് വാക്സിനും 65.5 ശതമാനം പേര്‍ക്ക് (1,74,89,582) രണ്ടാം ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,31,94,326 ഡോസ് വാക്സിനാണ് നല്‍കിയത്.
സംസ്ഥാനത്ത് 8 ലക്ഷത്തോളം ഡോസ് വാക്സിന് സ്റ്റോക്കുണ്ട്. വാക്സിനേഷന് യജ്ഞത്തിനായി കൂടുതല്‍ ഡോസ് വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് വാക്സിന് കോവിഡ് അണുബാധയില്‍ നിന്നും ഗുരുതരാവസ്ഥയില്‍ നിന്നും സംരക്ഷിക്കുമെന്ന് തെളിയിച്ചതാണ്. അനാവശ്യ കാരണം പറഞ്ഞ് വാക്സിനെടുക്കാത്തവര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്സിന് എടുക്കാന്‍ സാധിക്കാത്തവര്‍ ഏറെ ജാഗ്രത പുലര്‍ത്തണം. ഇനിയും വാക്സിന് എടുക്കാനുള്ളവരും വിദേശത്ത് നിന്നും വരുന്നവരില്‍ വാക്സിന് എടുക്കാനുള്ളവരും ഉടന്‍ വാക്സിന് സ്വീകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.