തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മാത്രം 211 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലുള്ള 201 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 138 പേർ വിദേശത്തു നിന്ന് എത്തിയവർ. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 39 പേർ. 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറ് സിഐഎസ്എഫ് ജവാന്മാര്‍ക്കുകൂടി കോവിഡ‍് സ്ഥിരീകിരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Read Also: യുഡിഎഫ് വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്നു, ജോസ് രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കട്ടെ: കോടിയേരി

രോഗവ്യാപനതോത് ഉയരുന്നു. കോവിഡ് പോസിറ്റീവ് കേസുകൾ 200 കടക്കുന്നത് ആദ്യം. എല്ലാ ജില്ലകളിലും കോവിഡ് രോഗികളുടെ എണ്ണം അതിവേഗം വർധിക്കുന്നു. സംസ്ഥാനത്ത് പലയിടത്തും ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ജാഗ്രത വർധിപ്പിക്കണമെന്നാണ് കണക്കുകൾ പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് പോസിറ്റീവ് ആയവരുടെ കണക്കുകൾ ജില്ല തിരിച്ച്

തിരുവനന്തപുരം 17, കൊല്ലം 23, പത്തനംതിട്ട 7, ആലപ്പുഴ 21, കോട്ടയം 14, എറണാകുളം 17, ഇടുക്കി 2, തൃശൂർ 21, പാലക്കാട് 14, മലപ്പുറം 35, കോഴിക്കോട് 14, കണ്ണൂർ 18, വയനാട് 1, കാസർഗോഡ് 7

രോഗമുക്തരുടെ എണ്ണം ജില്ല തിരിച്ച്

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോഡ് 7,പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1

സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം

കഴിഞ്ഞ 24 മണിക്കൂറിൽ 7,306 സാംപിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 4,964 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിൽ 2,098 പേർ ഉണ്ട്. 1,77,017 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,794 പേർ ആശുപത്രിയിൽ. ഇന്ന് 378 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെന്റിനൽ സർവയലൻസിന്റെ ഭാഗമായി മുൻഗണനാ വിഭാഗത്തിൽ പെട്ട 53,922 സാംപിളുകൾ ശേഖരിച്ചു. അതിൽ 59,240 എണ്ണം നെഗറ്റീവ് ആയി. സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 130 ആണ്.

മൂന്നിടങ്ങളിൽ സ്ഥിതി ഗുരുതരം

തിരുവനന്തപുരം, എറണാകുളം ജില്ലകളിലും മലപ്പുറം ജില്ലയിലെ പൊന്നാനിയിലും സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

Read Also: കോവിഡ് വാക്‌സിൻ ഓഗസ്റ്റ് 15 ന്; ഐസിഎംആറിന്റെ നിര്‍ദ്ദേശം യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതെന്ന് വിദഗ്ദ്ധര്‍

പ്രതിരോധത്തിനു കളങ്കംവരുത്തുന്ന നടപടികൾ അരുത്

കോവിഡ് പ്രതിരോധത്തിനു കളങ്കംവരുത്തുന്ന നടപടികൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി. ക്വാറന്റെെനിൽ കഴിയുന്നവർക്കെതിരെയും വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്കെതിരെയും മനുഷ്യത്തപരമായി പെരുമാറണം. പലയിടത്തും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നു. രോഗികളെ ശത്രുക്കളായി കാണുന്ന മനോഭാവം അരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.