തിരുവനന്തപുരം: സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.
എല്ലാ അന്താരാഷ്ട്ര യാത്രക്കാരും സംസ്ഥാനത്ത് താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ സ്വയം രോഗ നിരീക്ഷണം നടത്തണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം. കോവിഡ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
വിമാനത്തിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ രണ്ട് ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്തുന്നതാണ്. എയര്‍ലൈന്‍ ജീവനക്കാരാണ് ഇവരെ കണ്ടെത്തതി നല്‍കേണ്ടത്. പരിശോധനയുടെ ചിലവ് സംസ്ഥാനം വഹിക്കുന്നതാണ്.
അന്താരാഷ്ട്ര യാത്രക്കാര്‍ സംസ്ഥാനത്ത് എത്തിച്ചേരുന്ന തീയതി മുതല്‍ ഏഴ് ദിവസത്തേക്ക് സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. കര്‍ശനമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഇവര്‍ ഈ കാലയളവില്‍ അടച്ചിട്ട ഇടങ്ങളില്‍ ഒത്തുകൂടുന്നതും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളും ഒഴിവാക്കണം.
കോവിഡ് പോസിറ്റീവാകുന്നവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി അയയ്ക്കും. കോവിഡ് പോസിറ്റീവായ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ചെയ്യുന്നതാണ്. എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണെന്നും മന്ത്രി നിര്‍ദേശിച്ചു.
Also Read: ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതി; നിയമ നടപടികളിലേക്ക് കടന്നതായി പൊലീസ്