കൊച്ചി: പ്രവാസികൾ മടങ്ങുന്ന ചാർട്ടേഡ് വിമാനങ്ങളിൽ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് രോഗവ്യാപനം തടയാനെന്ന് സർക്കാർ. രോഗമുള്ളവർക്കും ഇല്ലാത്തവർക്കും പ്രത്യേക വിമാനമെന്ന നിലപാട് ഇതിന്റെ ഭാഗമാണന്നും സംസ്ഥാനത്തിന് ഇതിന് അധികാരമുണ്ടന്നും ആരോഗ്യവകുപ്പ് ഹൈക്കോടതിയെ അറിയിച്ചു.
കോവിഡ് ഇല്ലാത്തവർ മാത്രം എത്തിയാൽ മതിയെന്ന നിലപാട് സർക്കാരിനില്ല. കേന്ദ്ര മാർഗനിർദ്ദേശമനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾക്ക് സംസ്ഥാന സർക്കാറിന്റെ അനുമതി നിർബന്ധമാണ്. യാഥാർത്ഥ്യങ്ങൾ വിലയിരുത്തി സംസ്ഥാനത്തിന് തീരുമാനമെടുക്കാനാണ് അനുമതി നിർബന്ധമാക്കിയിട്ടുള്ളത്. പൊതു ജനാരോഗ്യം കണക്കിലെടുത്ത് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാം. രോഗമില്ലാത്തവരേയും രോഗമുള്ളവരേയും തരം തിരിക്കാനുള്ള തീരുമാനം കേന്ദ്ര മാർഗനിർദേശ പ്രകാരമാണന്നും സർക്കാർ വിശദീകരിച്ചു.
Read More: ആവശ്യമെങ്കിൽ ട്രൂനാറ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിലെത്തിക്കും: മുഖ്യമന്ത്രി
വന്ദേ ഭാരത് മിഷന്റെ ഭാഗമായി എത്തുന്ന നൂറു പ്രവാസികളിൽ 1.12 പേർക്ക് രോഗബാധ ഉണ്ട്. രോഗമുള്ളവരും രോഗമില്ലാത്തവരും ഇടകലർന്നാൽ വ്യാപന സാധ്യത വർധിക്കും. ലഘൂകരണ നടപടിയുടെ ഭാഗമായാണ് പ്രത്യക വിമാന ആവശ്യമെന്നും സർക്കാർ വ്യക്തമാക്കി.
പ്രവാസികൾ പി സി ആർ ടെസ്റ്റ് തന്നെ നടത്തണമന്ന് നിർബന്ധിക്കുന്നില്ല. ട്രൂനാറ്റ്, ആന്റി ബോഡി ടെസ്റ്റുകൾ ആയാലും മതി. വിമാനത്തിൽ കയറുന്നതിന് 48 മണിക്കൂർ മുൻപ് സർട്ടിഫിക്കറ്റ് വേണമെന്നാണ് ആവശ്യപ്പെടുന്നത്. 1500 രൂപ ചെലവുള്ള ട്രൂ നെറ്റ് ടെസ്റ്റിന്റെ ഫലം രണ്ട് മണിക്കൂറിനകം ലഭിക്കും. 600 രൂപ ചെലവുള്ള ആന്റിബോഡി ടെസ്റ്റിന്റെ ഫലം 20 മിനിറ്റിനകം ലഭിക്കും.
പ്രവാസികൾ യാത്രക്ക് മുൻപ് ആന്റി ബോഡി ടെസ്റ്റങ്കിലും നടത്തിയിരിക്കണം. രോഗബാധയില്ലന്ന് ഉറപ്പാക്കുന്നത് പൊതുജനാരോഗ്യം കണക്കിലെടുത്തുള്ള പൊതുനയമാണന്നും ഭരണഘടന പ്രകാരം നിയന്ത്രണമേർപ്പെടുത്താൻ അധികാരമുണ്ടന്നും സർക്കാർ വിശദീകരിച്ചു. കേന്ദ്ര മാർഗനിർദേശങ്ങളെ ഹർജിക്കാരൻ ചോദ്യം ചെയ്തിട്ടില്ലെന്നും അതില്ലാതെ സംസ്ഥാന നടപടിയെ എതിർക്കുന്നത് നിയമപരമല്ലന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സർക്കാർ 840 ചാർട്ടേഡ് ഫ്ളൈറ്റുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 300 ഉം സ്പൈസ് ജറ്റാണ് നടത്തുന്നത്. സ്പൈസ്ജെറ്റ് പരിശോധക്ക് ശേഷമാണ് യാത്രക്കാരെ കൊണ്ടുവരുന്നതെന്നും സർക്കാർ വിശദീകരിച്ചു.
നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കോവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.