തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനം കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുവാൻ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തീര്‍ത്ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും, ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്‍റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടനം പൂര്‍ണ്ണമായ തോതില്‍ നടത്താൻ പരിമിതികളുണ്ടെന്നും യോഗം വിലയിരുത്തി.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിലുള്ള ഇത്തവണത്തെ തീര്‍ത്ഥാടനകാലം വലിയ വെല്ലുവിളിയാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കോവിഡ് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റുമായി വരുന്ന തീര്‍ത്ഥാടകരെ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഉള്‍പ്പെടുത്തി തിരക്കില്ലാതെ ദര്‍ശത്തിന് എത്തിക്കുന്ന തരത്തില്‍ ക്രമീകരണം ഒരുക്കുന്നതിനാണ് യോഗം തീരുമാനിച്ചത്.

Read More: രാജമലയിൽ അഞ്ചാം ദിനവും തിരച്ചിൽ തുടരും; കണ്ടെത്തേണ്ടത് 21 പേരെ

ശബരിമലയില്‍ ഇത്തവണത്തെ തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് രോഗ വ്യാപനം ഉണ്ടാകാത്ത രീതിയില്‍ നടത്താന്‍ ദേവസ്വം ബോര്‍ഡ് സന്നദ്ധമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ശബരിമലയില്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ആരോഗ്യ വകുപ്പ് ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടനം നടത്തുന്നതിനുള്ള യോഗ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് പന്തളം പഴയ രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു.

2018 ലെ പ്രളയത്തില്‍ പമ്പാനദിയില്‍ അടിഞ്ഞ്കൂടിയ മണല്‍ നീക്കം ചെയ്ത് മാറ്റിയിട്ടിരിക്കുകയാണെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു. ശബരിമല തീര്‍‌ത്ഥാടന പാതയിലേക്കുള്ള എല്ലാ പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ തീര്‍ത്ഥാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കും. തീര്‍ത്ഥാടന പാതയില്‍ അപകടകരമായ സ്ഥിതിയിലുള്ള മരങ്ങള്‍ വനം വകുപ്പ് മുറിച്ചുമാറ്റണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പരമ്പരാഗത പാതയിലും, പുല്ലുമേട് പാതയിലും പ്ലാസ്റ്റിക്ക് നിരോധനവുമായി ബന്ധപ്പെട്ട് പരിശോധന കര്‍ശനമാക്കുന്നതിനും യോഗം തീരുമാനിച്ചു.

നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ഈ തീര്‍ത്ഥാടനകാലത്ത് സാമൂഹ്യ അകലം പാലിക്കേണ്ടി വരുമെന്നതിനാല്‍ കൂടുതല്‍ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുളള സ്ഥല സൗകര്യവും, ഉദ്യോഗസ്ഥര്‍ക്കുള്ള താമസ സൗകര്യവും വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.