തിരുവനന്തപുരം: തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആറ്റുകാൽ (70-ാം വാർഡ്), കുരിയാത്തി (73-ാം വാർഡ്), കളിപ്പാൻ കുളം (69-ാം വാർഡ്), മണക്കാട് (72-ാം വാർഡ്), ടാഗോർ റോഡ് തൃക്കണ്ണാപുരം (48-ാം വാർഡ്), പുത്തൻപാലം വള്ളക്കടവ് (88-ാം വാർഡ്) എന്നിവ കണ്ടെയ്ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

ഇവിടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട മേഖലകളായി കണക്കാക്കും.

തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ പൊതുവിടങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇതുവരെ സമ്പര്‍ക്കത്തിലൂടെ എട്ടുപേരും ഉറവിടമറിയാതെ 16 പേര്‍ക്കും തലസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.

ചാല, പാളയം മാർക്കറ്റുകളിൽ നേരത്തെ തന്നെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 50 ശതമാനം കടകൾ മാത്രമേ തുറക്കാവൂ. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമേ മാളുകളിലെ സൂപ്പർമാർക്കറ്റുകൾ തുറക്കാവൂ. മറ്റു ദിവസങ്ങളിൽ ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.

Read Also: ഒറ്റദിനം 18552 രോഗികള്‍; ഇന്ത്യയിൽ കോവിഡ് ബാധിതർ അഞ്ച് ലക്ഷം കടന്നു

തിരുവനന്തപുരം ജില്ലയിൽ ഇന്നലെ 7 പേർക്ക് കോവിഡ്‌-19 സ്ഥിരീകരിച്ചു. രണ്ടു പേർ അന്യസംസ്ഥാനത്തു നിന്നും വന്നതും അഞ്ചു പേർക്ക് സമ്പർക്കം വഴിയുമാണ് രോഗം വന്നത്. ജില്ലയിൽ 84 പേർ ചികിത്സയിലുണ്ട്. ഇതിൽ 8 പേർ ഇതര ജില്ലക്കാർ (കൊല്ലം 5, ആലപ്പുഴ 1, മലപ്പുറം 1, പാലക്കാട് 1).

ഇന്നലെ കോവിഡ് ലക്ഷണങ്ങളുമായി 26 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന 28 പേർ ആശുപത്രി വിട്ടു. 550 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നലെ ലഭിച്ച 338 ഫലങ്ങൾ നെഗറ്റീവാണ്. 827 പേർ ഇന്നലെ മാത്രം നിരീക്ഷണത്തിലായി. വീടുകളിൽ 22,873 പേരും കോവിഡ് കെയർ സെന്ററുകളിൽ 1583 പേരും ആശുപത്രികളിൽ 170 പേരും ഉൾപ്പടെ 24,626 പേർ നിരീക്ഷണത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.