തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. അത്യാവശ്യയാത്രകള്‍ മാത്രമാണ് നാളെ അനുവദിക്കുക. ഇതിനായി രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
പലവ്യഞ്ജനങ്ങള്‍, പഴം, പച്ചക്കറികള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവർത്തിക്കാം. റസ്റ്ററന്റുകളിലും ബേക്കറികളിലും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കൂ. ഇവയ്ക്കും രാവിലെ ഏഴുമുതൽ തുറന്ന് പ്രവർത്തിക്കാം. ഡെലിവറി സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, മാധ്യമ സ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസമില്ല.
വിവാഹം, മരണാനനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. അടിയന്തര വാഹന അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കാം. ഹോട്ടലുകളിലെയും റിസോര്‍ട്ടുകളിലെയും താമസം സംബന്ധിച്ച് നേരത്തെ ബുക്ക് ചെയ്ത രേഖകള്‍ ഹാജരാക്കിയാല്‍ വിനോദസഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. കെഎസ്ആർടിസി അത്യാവശ്യ സർവീസുകൾ നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച ജോലിചെയ്യേണ്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുമായി സഞ്ചരിക്കാവുന്നതാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. പരീക്ഷകള്‍ക്ക് പോകുന്നവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് കൈയില്‍ കരുതണം. ദീര്‍ഘദൂരയാത്ര കഴിഞ്ഞെത്തുന്നവര്‍ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകള്‍ കാട്ടിയാല്‍ മതിയാകും.
അതേസമയം ഇന്ന് നടത്താനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റി. 23 ന് നിശ്ചയിച്ച മെഡിക്കൽ എജുക്കേഷൻ സർവീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ 27 ലേക്കു മാറ്റി. ലാബോട്ടറി ടെക്നീഷ്യൻ ഗ്രേഡ് II തസ്തികളുടെ പരീക്ഷകൾ 28 ലേക്കും 30 ന് നടത്താൻ നിശ്ചയിച്ച കേരള വാട്ടർ അതോറിറ്റിയിലെ ഓപ്പറേറ്റർ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കും മാറ്റിയിട്ടുണ്ട്.
Also Read: എല്ലാ ജില്ലകളിലും കോവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി: കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇവയാണ്