കൊച്ചി: സാമ്പത്തിക നഷ്‌ടത്തെ തുടർന്ന് സർവീസുകൾ നിർത്താനൊരുങ്ങി സ്വകാര്യ ബസുടമകൾ. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് തീരുമാനം. ബസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ദെെനംദിന കാര്യങ്ങൾക്കുള്ള വരുമാനം പോലും ലഭിക്കാത്ത അവസ്ഥയായി. ദിനംപ്രതിയുള്ള ഇന്ധനവില വർധനവ് ഇരട്ടിപ്രഹരമായി. നിലവിലെ സ്ഥിതി തുടർന്നാൽ കടക്കെണിയിലാകുമെന്നാണ് ഭൂരിഭാഗം സ്വകാര്യ ബസുടമകളും പറയുന്നത്.
ഓഗസ്റ്റ് ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്‌ക്കാൻ തീരുമാനിച്ചു. നഷ്‌ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി വിലയിരുത്തി. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ‘ജി ഫോം’ മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.
Read Also: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണില്ല; രോഗവ്യാപനം രൂക്ഷമായ ഇടങ്ങളിൽ കടുത്ത നിയന്ത്രണം
കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്പൂർണ അടച്ചുപൂട്ടലിനു ശേഷം വളരെ ചെറിയ ശതമാനം സ്വകാര്യ ബസുകൾ മാത്രമാണ് സാധാരണ രീതിയിൽ സർവീസ് പുനഃരാരംഭിച്ചത്. പല ബസുടമകളും സർവീസ് നിർത്തിവയ്‌ക്കുകയും ചെയ്‌തു. ഇപ്പോൾ സർവീസ് നടത്തുന്ന ബസുകളും സർവീസ് നിർത്തിവയ്‌ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.
അതേസമയം, കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് നേരത്തെ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. ടിക്കറ്റ് നിരക്ക് വർധിപ്പിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്നതായി സ്വകാര്യ ബസുടമകൾ പറയുന്നു. ഡ്രെെവർമാർക്കും കണ്ടക്‌ടർമാക്കും വേതനം കുറച്ചുനൽകിയാണ് പല സർവീസുകളും ഇപ്പോൾ മുന്നോട്ടുപോകുന്നത്.