തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തില്‍ ദുരിതം നേരിടുന്നവരെ സഹായിക്കുന്നതിനു സജീവമായി രംഗത്തുവരാന്‍ സിപിഎമ്മിന്റെ മുഴുവന്‍ ഘടകങ്ങളോടും പ്രവര്‍ത്തകരോടും ബഹുജന സംഘടനകളും ആഹ്വാനം ചെയ്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മഹാമാരി പോലുള്ള ദുരന്തം നാട് നേരിടുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മഹാമാരിയുടെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാല്‍ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ദൈനംദിനം അവലോകനം ചെയ്ത് സമയബന്ധിതമായി ഭരണ സംവിധാനങ്ങളെ സര്‍ക്കാര്‍ ചലിപ്പിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ തദ്ദേശഭരണ സ്ഥാപനങ്ങളും കൂടുതല്‍ സജീവമായി രംഗത്തുവരികയാണ്.
ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ഒന്നിച്ച് പടരുകയാണ്. ഒമിക്രോണ്‍ തീവ്രത കുറഞ്ഞ ഇനമാണെന്ന ധാരണയില്‍ നിസാരതയോടുള്ള സമീപനം കാട്ടുന്നത് ആപത്താണ്. വ്യാപനശേഷി കൂടിയ വകഭേദമായതിനാല്‍ ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.
Also Read: സിപിഎമ്മിനു തിരിച്ചടി; കാസര്‍ഗോട്ട് 50 പേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ ഹൈക്കോടതി വിലക്കി
വാക്സിന് സ്വീകരിച്ചവര്‍ക്ക് രോഗം പൊതുവില്‍ തീവ്രമല്ല. ജനസംഖ്യാനുപാതികമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന് നല്‍കിയത് കേരളമാണ്. കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിനും പ്രത്യേക സംവിധാനം വിദ്യാലയങ്ങളില്‍ തന്നെ ഇതിനകം ഒരുക്കി സംസ്ഥാനം ദേശീയമായി തന്നെ മാതൃകയായിരിക്കുകയാണ്. ഇപ്രകാരമുള്ള നടപടികളെല്ലാം കേരളം സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗവ്യാപനം രൂക്ഷമാണ്. ഈ സ്ഥിതി നേരിടുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്ക്കണം.
ഒന്നും രണ്ടും തരംഗങ്ങളില്‍ എന്നപോലെ ഇത്തവണയും സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ബഹുജന സംഘടനകളും മാതൃകാപരമായി ഇടപെടണം. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ എല്ലാ തലങ്ങളിലുമുള്ള പാര്‍ടി ഘടകങ്ങള്‍ അടിയന്തരമായി ഇടപെടണം. ലോക്കല്‍ അടിസ്ഥാനത്തില്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിക്കണം. ബ്രാഞ്ചുകള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണം.
ദുരിതമനുഭവിക്കുന്നവര്‍ക്കു ഭക്ഷണം, മരുന്ന് തുടങ്ങിയവ എത്തിക്കാനും സാധ്യമായ ഇടങ്ങളില്‍ ആംബുലന്‍സ് സേവനം നല്‍കാനും കഴിയണം. ഓക്സിമീറ്റര്‍, മാസ്ക് തുടങ്ങിയവ കഴിയുന്ന തലങ്ങളില്‍ എത്തിക്കണം. അവശ്യസേവനത്തിന് കയ്യെത്തും ദൂരത്ത് സിപിഎമ്മിന്റെയും ബഹുജന സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഉണ്ടാകണമെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.