കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. കോവിഡ്-19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കണ്ണൂര്‍ ധര്‍മടം സ്വദേശിയായ ആസിയ(62) യാണ് ചൊവ്വാഴ്ച മരിച്ചത്.

പക്ഷാഘാതം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ള മറ്റുരോഗങ്ങളും ആസിയക്കുള്ളതായി മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. മസ്തിഷ്ക വീക്കവും ആന്തരി അണുബാധയുമടക്കമുള്ള അസുഖങ്ങളെത്തുടർന്ന് തുടർന്ന് ഏപ്രിൽ 20ന് ഇവരെ തലശ്ശേരിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 27ന് ഡിസ്ചാർജ് ചെയ്ത ഇവരെ സമാന രോഗ ലക്ഷണങ്ങളെത്തുടർന്ന് ഈമാസം 10ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവരെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Read More: വിമാനത്തില്‍ രോഗവ്യാപന സാധ്യത കുറഞ്ഞിരിക്കാന്‍ കാരണമെന്താണ്‌?

ഈമാസം 17ന് കോഴിക്കോട് മെഡിക്കൽകോളജിലേക്ക് മാറ്റിയ ആസിയക്ക് 20നാണ് കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിലെത്തിക്കുമ്പോൾ വൈറൽ ന്യൂമോണിയയും ഇവർക്കുണ്ടായിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് ആസിയയെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

ആസിയയുടെ കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന ഭർത്താവിൽ നിന്നാണ് ആസിയയ്ക്കും കുടുംബത്തിലുള്ള മറ്റുള്ളവർക്കും കോവിഡ് പകർന്നത്. എന്നാല്‍ ആസിയയുടെ ഭർത്താവിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും ലഭിച്ചിട്ടില്ല. ആസിയയുമായി സമ്പര്‍ക്കം പുല‍ര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അഞ്ച് ദിവസത്തിനിടെ മൂന്ന് മരണം

കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ മാത്രം മൂന്ന് കോവിഡ് ബാധിതരാണ് സംസ്ഥാനത്ത് മരിച്ചത്.  തിങ്കളാഴ്ച വയനാട് സ്വദേശിയായ കോവിഡ് ബാധിത സംസ്ഥാനത്ത് മരിച്ചിരുന്നു.  രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാൻസർ രോഗബാധിതയായിരുന്ന സ്ത്രീയായിരുന്നു മരിച്ചത്.

Read More: കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് വയനാട് സ്വദേശിനി

വിദേശത്തുനിന്ന് മടങ്ങിയെത്തിയ ഇവര്‍ ആദ്യം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അവിടെ വച്ച് കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഈമാസം 21ന് തൃശൂരിൽ എഴുപത്തിമൂന്നുകാരിയായ കോവിഡ് ബാധിതയും മരിച്ചിരുന്നു, മുംബൈയിൽ നിന്ന് തൃശൂരിലെത്തിയ എഴുപത്തിമൂന്നുകാരിയായിരുന്നു മരിച്ചത്. മുംബൈയിൽനിന്ന് റോഡ് മാർഗമാണ് ഇവർ നാട്ടിലെത്തിയത്.ചാവക്കാട്‌ താലൂക്ക്‌ ആശുപ്ത്രിയിൽ ചികിത്സയിൽ ആയിരുന്നു.

Read More: കോവിഡ്-19: മുംബൈയിൽ നിന്നെത്തിയ തൃശൂർ സ്വദേശിനി മരിച്ചു

പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണ വരെ മൂന്ന് പേരോടൊപ്പം യാത്ര ചെയ്തുവന്ന ഇവർക്ക് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് മകൻ ആംബുലൻസുമായി ചെല്ലുകയും ഇവരെ മേയ് 20 ന് പുലർച്ചെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനു തീരുമാനിച്ചിരുന്നെങ്കിലും അതിനു മുൻപ് മരണം സംഭവിക്കുകയായിരുന്നു.

കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്നു

കേരളത്തിൽ കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് 49 പേര്‍ക്ക്‌ ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കേസുകൾ കാസര്‍ഗോഡ് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. 14 പേര്‍ക്ക്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 43 പേരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. വിദേശത്ത് നിന്നും 18 പേർക്ക് വൈറസ് ബാധ കണ്ടെത്തി. (യുഎഇ-13, ഒമാന്‍-1, സൗദി അറേബ്യ-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1)

Read Also: പരീക്ഷ മാറ്റിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി; സംസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുന്നു

25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്. (മഹാരാഷ്ട്ര-17, തമിഴ്‌നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.

അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 8390 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 82,678 പേരും റെയില്‍വേ വഴി 4558 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 97,247 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,278 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 98,486 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 792 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 152 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1861 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 54,899 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 53,704 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 8110 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 7994 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ, ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 59 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.